ജിവിഎച്ച്എസ്എസ് പുത്തൻചിറയ്ക്ക് ഒരു കോടിയുടെ കെട്ടിടം
അരനൂറ്റാണ്ടിൻ്റെ പാരമ്പര്യമുള്ള പുത്തൻചിറ ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂൾ വളര്‍ച്ചയുടെ പുത്തൻ പാതയിൽ. കിഫ്ബിയിലൂടെ ഒരു കോടി രൂപയുടെ പുതിയ കെട്ടിടമാണ് സ്കൂളിൽ ഉയരുന്നത്. കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
ഒട്ടേറെ തലമുറകള്‍ക്ക് അറിവ് പകർന്ന വിദ്യാലയത്തില്‍ 586 സ്ക്വയർ മീറ്ററിൽ മൂന്ന് നിലകളിലായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തില്‍ എട്ട് ക്ലാസ് മുറികളാണ് ഉണ്ടാവുക. ഒന്നും രണ്ടും നിലകളിലായി ശുചിമുറികൾ അടക്കമുള്ള സൗകര്യങ്ങൾ ഉണ്ടാകും.
മികച്ച ഭൗതിക സാഹചര്യം വരുന്നതോടെ സ്‌കൂളിൻ്റെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തി മികവിൻ്റെ കേന്ദ്രമാക്കി വിദ്യാലയത്തെ മാറ്റാനാകുമെന്ന് ഹെഡ്മാസ്റ്റർ സുരേഷ് പറയുന്നു.
1966-ൽ മേയ്ക്കാളി നീലകണ്ഠൻ നമ്പൂതിരി സൗജന്യമായി നൽകിയ മൂന്ന് ഏക്കർ സ്ഥലത്ത് ഓല ഷെഡ്ഡിലാണ് പുത്തൻചിറ സ്കൂൾ പ്രവർത്തനം തുടങ്ങുന്നത്. പള്ളത്തേരി മനയിൽ നിന്ന് ലഭിച്ച സാമ്പത്തിക സഹായം കൊണ്ട് സ്കൂൾ കെട്ടിട നിർമാണവും നടത്തി. അന്നത്തെ മാള എം എൽ എ ആയിരുന്ന കെ കരുണാകരനാണ് സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത്.1991 ൽ വി എച്ച് എസ് ഇ ആരംഭിച്ചു. 2004ൽ ഹയർ സെക്കന്ററിയും ആരംഭിച്ചു.
ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർ സെക്കന്ററിക്കുമായി കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. കൂടാതെ ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.
ആരംഭഘട്ടം മുതലേ അക്കാദമിക മേഖലയിൽ മികവ് പുലർത്താൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. 2003ൽ ഏറ്റവും നല്ല പി ടി എയ്ക്കുള്ള സി എച്ച് മുഹമ്മദ് കോയ അവാർഡ്, 2008-2009ൽ ഗാന്ധി പീസ് ഫൗണ്ടേഷനും വിദ്യാഭ്യാസ വകുപ്പും ചേർന്ന് നൽകുന്ന "ഗാന്ധിദർശൻ" അവാർഡ് തുടങ്ങി നിരവധി നേട്ടങ്ങളും സ്കൂളിനെ തേടിയെത്തിയിട്ടുണ്ട്.