ഭാരത് ജോഡോയ്ക്ക് ശേഷം പുതിയ ക്യാമ്പയിൻ; മോദി സര്‍ക്കാരിനെതിരെ കുറ്റപത്രവുമായി കോൺഗ്രസ്

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സർക്കാരിന്റെ മോശം നയങ്ങൾക്കെതിരെ കുറ്റപത്രം പുറത്തുവിട്ട് കോൺഗ്രസ്. ശനിയാഴ്ച എ.ഐ.സി.സി ആസ്ഥാനത്ത് ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ജയറാം രമേശ് എന്നിവരുടെ നേതൃത്വത്തിലാണ് രണ്ട് പേജുള്ള കുറ്റപത്രം പുറത്തുവിട്ടത്. ബിജെപി സർക്കാരിന്റെ മോശം നയങ്ങൾ കാരണം രാജ്യത്തെ ജനങ്ങൾ ദുരിതമനുഭവിക്കുകയാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷമുള്ള കോൺഗ്രസിന്‍റെ പുതിയ ക്യാമ്പയിനാണ് സർക്കാരിനെതിരായ കുറ്റപത്രം പുറത്തുവിടുക എന്നത്. ഇതിന്‍റെ ആദ്യപടിയായാണ് ദേശീയ തലത്തിൽ കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ കുറ്റപത്രം പുറത്തുവിട്ടത്. ബിജെപിയോ മറ്റ് പാർട്ടികളോ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഇതിന്റെ തുടർച്ചയുണ്ടാകും. അതത് സംസ്ഥാന കോൺഗ്രസ് കമ്മിറ്റികൾ അവിടത്തെ സർക്കാരുകൾക്കെതിരായ കുറ്റപത്രങ്ങൾ പുറത്തുവിടുമെന്നും വേണുഗോപാൽ പറഞ്ഞു. ബി.ജെ.പി ഒരു ഭ്രഷ്ട് ജുംല പാർട്ടിയാണെന്നും അദ്ദേഹം വിമർശിച്ചു. കുറച്ചുപേരുടെ നേട്ടത്തിനായി, സ്വവികസനത്തിന് വേണ്ടി എല്ലാവരെയും വഞ്ചിക്കുക എന്നതാണ് സർക്കാരിന്റെ മന്ത്രമെന്നും അദ്ദേഹം പറഞ്ഞു.

Related Posts