പുതിയ ഇ ബൈക്ക് പൊട്ടിത്തെറിച്ചു; പുക ശ്വസിച്ച് അച്ഛനും മകളും മരിച്ചു
ചെന്നൈ: ഏതാനും ദിവസം മുമ്പു വാങ്ങിയ ഇ ബൈക്ക് പൊട്ടിത്തെറിച്ചുള്ള പുക ശ്വസിച്ച് അച്ഛനും മകളും മരിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം. ദുരൈവര്‍മ (49), മകള്‍ മോഹന പ്രീതി (13) എന്നിവരാണ് മരിച്ചത്.
ഇ ബൈക്ക് വീട്ടില്‍ ചാര്‍ജ് ചെയ്യാനിട്ട് ദുരൈവര്‍മയും മകളും ഉറങ്ങുകയായിരുന്നു. രാത്രിയില്‍ ബൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ പുക ശ്വസിച്ചാണ് അച്ഛനും മകളും മരിച്ചത്. ആസ്ബറ്റോസ് മേല്‍ക്കൂരയുള്ള വീടാണ് ഇവരുടേത്.
പുലര്‍ച്ചെ ഒരു മണിയോടെയാണ് തീ കണ്ടതെന്ന് അയല്‍വാസികള്‍ അറിയിച്ചു. ഉടന്‍ തന്നെ പൊലീസിനെയും തൊട്ടടുത്തു താമസിക്കുന്ന, ദുരൈവര്‍മയുടെ സഹോദരിയെയും വിവരം അറിയിച്ചു. ഇ ബൈക്കിലെ തീ തൊട്ടടുത്ത പെട്രോള്‍ ബൈക്കിലേക്കും പടര്‍ന്നതിനാല്‍ നാട്ടുകാര്‍ക്ക് അണയ്ക്കാനായില്ല. അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്.
വാതില്‍ തകര്‍ത്ത് അകത്തു കടന്നപ്പോള്‍ അച്ഛനും മകളും മരിച്ച നിലയില്‍ ആയിരുന്നു. ഇവര്‍ക്കു നിസ്സാര പരിക്കേയുള്ളൂ. കാര്യമായ പൊള്ളല്‍ ഏറ്റിട്ടില്ല. പുക ശ്വസിച്ചാവാം മരണമെന്നാണ് പ്രാഥമിക നിഗമനം.
ഇലക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം പൊട്ടിത്തെറിക്കു കാരണമെന്നാണ് കരുതുന്നത്. പഴയ സോക്കറ്റിലാണ് ഇ ബൈക്കിന്റെ ചാര്‍ജ് പ്ലഗ് ചെയ്തിരുന്നത്. ബൈക്ക് ചാര്‍ജ് ചെയ്യാന്‍ മാത്രമുള്ള ശേഷി സോക്കറ്റിന് ഉണ്ടായിരുന്നില്ലെന്നാണ് സൂചന.
ദുരൈവര്‍മയുടെ ഭാര്യ 2013ല്‍ മരിച്ചിരുന്നു. പിന്നീട് ഇയാളും രണ്ടു മക്കളുമാണ് വീട്ടില്‍ താമസം. മകന്‍ രാത്രി ഭക്ഷണത്തിനു സേഷം ബന്ധുവിന്റെ വീട്ടിലേക്കു പോയിരുന്നു. മറ്റൊരു ബന്ധുവിന്റെ വീട്ടിലായിരുന്ന മകള്‍ അടുത്തിടെയാണ് അച്ഛന്റെ അടുത്തേക്കു തിരിച്ചെത്തിയത്.