ഇരിങ്ങാലക്കുട അഗ്നിരക്ഷാ സേനയ്ക്ക് കരുത്തായി പുതിയ ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ
പ്രതികൂല സാഹചര്യങ്ങളെ ചെറുക്കാൻ ഇരിങ്ങാലക്കുട അഗ്നിരക്ഷാ സേനയ്ക്ക് കരുത്തായി പുതിയ ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ സജ്ജം. പ്രകൃതിദുരന്തം ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളിൽ വലിയ വാഹനങ്ങൾ കടന്നു ചെല്ലാൻ കഴിയാത്ത സ്ഥലങ്ങളിൽ ഈ വാഹനങ്ങൾക്ക് എത്താൻ കഴിയുമെന്നതാണ് പ്രത്യേകത. പുതിയ വാഹനത്തിൻ്റെ ഫ്ളാഗ് ഓഫ് കർമ്മം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവ്വഹിച്ചു.
ദുരന്തമുഖത്ത് അതിവേഗമെത്തി ദുരന്തനിവാരണത്തിന് മുന്നിൽ നിൽക്കുന്ന ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ തീപിടുത്തം, വാതകചോർച്ച, മരങ്ങൾ വീണുള്ള അപകടം തുടങ്ങി ഒട്ടനവധി അപകടങ്ങളെ ചെറുക്കുന്നതിന് സജ്ജമാണ്. തീപിടുത്തം ഉണ്ടായാൽ അണയ്ക്കുന്നതിനായി 400 ലിറ്റർ വെള്ളം, വാതക ചോർച്ച ഉണ്ടായി തീ പിടിക്കുന്ന സാഹചര്യത്തിൽ അണയ്ക്കുന്നതിനായി 50 ലിറ്റർ ഫോം, മരത്തിന്റെ ശിഖരങ്ങൾ മുറിക്കാനുള്ള കട്ടിംഗ് മെഷീൻ, വാഹനാപകടം ഉണ്ടായാൽ ഉപയോഗിക്കുന്ന ഹൈഡ്രോളിക് മെഷീൻ എന്നിവ എഫ്.ആർ.വിയിലുണ്ട്. ഇത് കൂടാതെ ജീപ്പ്, ആംബുലൻസ്, രണ്ട് ഫയർ ടെൻഡറുകൾ (എം.ടി.യു.) എന്നിവയാണ് ഇരിങ്ങാലക്കുട അഗ്നിരക്ഷാ സേന ഓഫീസിനുള്ളത്. അഞ്ച് ഹോം ഗാർഡുകൾ ഉൾപ്പെടെ 40 ജീവനക്കാരുടെ സേവനം ഇവിടെ ലഭ്യമാണ്.
നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ സതി സുബ്രമണ്യൻ, ജില്ലാ ഫയർ ഓഫീസർ അരുൺഭാസ്കർ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിക്ടർ വി ദേവ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം എൻ സുധൻ, സിവിൽ ഡിഫൻസ് കോർഡിനേറ്റർ എസ് സുദർശനൻ, ഇരിങ്ങാലക്കുട ഫയർ ആൻ്റ് റസ്ക്യു നിലയത്തിലെ ജീവനക്കാരും, സിവിൽ ഡിഫൻസ് വോളണ്ടിയർമാരും, പൊതുജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.