താലിബാൻ ഇന്ന് പുതിയ സർക്കാർ പ്രഖ്യാപിച്ചേക്കും.
അഫ്ഗാനിസ്താനിൽ താലിബാൻ്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാറിൻ്റെ പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ. വെള്ളിയാഴ്ചയിലെ സുഹർ നമസ്കാരത്തിനുശേഷം പ്രഖ്യാപനം ഉണ്ടാകാൻ ഇടയുണ്ടെന്ന് താലിബാൻ വൃത്തങ്ങളെ ഉദ്ധരിച്ച് എ എഫ് പി റിപ്പോർട്ടു ചെയ്യുന്നു.
തീവ്രവാദികളായ അക്രമാസക്ത ആൾക്കൂട്ടം എന്ന നിലയിൽനിന്ന് ഉത്തരവാദിത്ത ഭരണകൂടം കയ്യാളുന്ന അധികാര സംവിധാനം എന്ന നിലയിലേക്കുള്ള താലിബാൻ്റെ ഇത്തവണത്തെ രൂപാന്തരം ലോകരാജ്യങ്ങൾ അതീവ ശ്രദ്ധയോടെയാണ് നോക്കിക്കാണുന്നത്. നിലവിലെ ജനാധിപത്യ സംവിധാനങ്ങളുടെ തുടർച്ച, സ്ത്രീകളോടുള്ള സർക്കാർ സമീപനം, വിദേശനയം തുടങ്ങി നിരവധി വിഷയങ്ങളിൽ താലിബാൻ്റെ പുതിയ നയവും സമീപനവും എന്തായിരിക്കും എന്നതിനെ സംബന്ധിച്ചുള്ള ചർച്ചകൾ അന്താരാഷ്ട്ര തലത്തിൽ സജീവമാണ്. കാത്തിരുന്നു കാണുക എന്ന നിലപാടാണ് ഇക്കാര്യത്തിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ പൊതുവെ സ്വീകരിച്ചിരിക്കുന്നത്.
പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിനെ വടക്കൻ അഫ്ഗാനിസ്ഥാൻ നഗരമായ മസാർ-ഇ-ഷെരീഫും തെക്ക് കാണ്ഡഹാറുമായും ബന്ധിപ്പിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിമാന സർവീസുകൾ പുനരാരംഭിച്ചതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.
ചൈനീസ് വിദേശകാര്യ മന്ത്രാലയം അഫ്ഗാനിസ്ഥാനിൽ എംബസി തുറന്ന് പ്രവർത്തിക്കുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുമെന്നും താലിബാൻ വക്താവ് ട്വീറ്റ് ചെയ്തു.