ഒമിക്രോൺ: സർക്കാർ ഓഫീസുകൾക്ക് പുതിയ മാർഗനിർദേശങ്ങൾ

ഒമിക്രോൺ വകഭേദത്തിന്റെ അതിവേഗ വ്യാപനം കണക്കിലെടുത്ത് സർക്കാർ ഓഫീസുകൾക്ക് കേന്ദ്ര സർക്കാർ പുതുക്കിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 1700 കടന്ന സാഹചര്യത്തിലാണ് പുതിയ നിർദേശങ്ങൾ പ്രാബല്യത്തിൽ വരുന്നത്.

അണ്ടർ സെക്രട്ടറി തലത്തിന് കീഴിലുള്ള ജീവനക്കാരിൽ 50 ശതമാനം പേർ വീട്ടിലിരുന്ന് ജോലി (വർക്ക് ഫ്രം ഹോം) ചെയ്യാനാണ് നിർദേശം. അണ്ടർ സെക്രട്ടറി തലത്തിന് മുകളിലുള്ളവർ പതിവുപോലെ ഓഫീസിൽ എത്തണം. ഭിന്നശേഷിക്കാരും ഗർഭിണികളും ഓഫീസിൽ ഹാജരാകേണ്ടതില്ല.

തിരക്ക് ഒഴിവാക്കാൻ ഓഫീസുകളുടെ പ്രവർത്തന സമയത്തിലും ചില ക്രമീകരണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. രാവിലെ 9 മണി മുതൽ 5.30 വരെയും 10 മണി മുതൽ 6.30 വരെയുമായി രണ്ട് തരത്തിൽ ഓഫീസ് സമയം ക്രമീകരിക്കണം. കണ്ടെയ്ൻമെന്റ് മേഖലയിൽ നിന്നുള്ളവർ ഒരു കാരണവശാലും ഓഫീസിൽ എത്തരുത് എന്ന പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. മീറ്റിങ്ങുകൾ വീഡിയോ കോൺഫറൻസിങ്ങ് വഴി നടത്തണം. പൊതു താത്പര്യമില്ലാത്ത അതിഥി സന്ദർശനങ്ങൾ അനുവദിക്കില്ല.

ഓഫീസും പരിസരവും ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യണം. ഇടനാഴികൾ, കാന്റീനുകൾ ഉൾപ്പെടെ ഒരിടത്തും ആൾക്കൂട്ടങ്ങൾ ഇല്ലെന്ന് ഉറപ്പു വരുത്തണം. കൈകൾ ഇടയ്ക്കിടെ ശുചീകരിക്കുക, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ മുഴുവൻ ജീവനക്കാരും ബാധ്യസ്ഥരാണെന്ന് പുതുക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നു.

Related Posts