പുതിയ വീട്ടിലെ വാഷ് റൂമിന് പഴയ വീടിനേക്കാൾ വലിപ്പമുണ്ടെന്ന് ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖി

മുംബൈയിൽ പുതുതായി താൻ പണികഴിപ്പിച്ച വീടിൻ്റെ വാഷ് റൂമിന് സിനിമാ മോഹവുമായി നഗരത്തിൽ എത്തിപ്പെട്ട കാലത്ത് കഴിഞ്ഞിരുന്ന വീടിനേക്കാൾ വലിപ്പമുണ്ടെന്ന് പ്രശസ്ത ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖി.

മുംബൈയിൽ എത്തിച്ചേർന്ന കാലത്ത് അത്രയും ചെറിയ ഒരു ഇടത്തിലാണ് താമസിച്ചിരുന്നത്. സിനിമാ മോഹവുമായി നടന്നിരുന്ന മറ്റ് നാലുപേർക്ക് ഒപ്പമാണ് അവിടെ കഴിഞ്ഞിരുന്നത്. വാതിൽ തുറന്നാൽ കാലിൽ മുട്ടുന്നത്ര ഇടുങ്ങിയ ഒരു കുടുസ്സു മുറി. നിലത്ത് പായ വിരിച്ചാണ് അഞ്ച് പേരും ഉറങ്ങാൻ കിടന്നിരുന്നത്. പതുക്കെ പതുക്കെ റൂം ഷെയർ ചെയ്യുന്നവരുടെ എണ്ണം മൂന്നായും രണ്ടായും മാറി. 2005 മുതലാണ് ഒറ്റയ്ക്ക് താമസിക്കാൻ തുടങ്ങിയത്.

പഴയ കാലത്തെ കൊട്ടാരങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ഗംഭീരമായ ഒരു സൗധമാണ് മുംബൈയിൽ നടൻ പണി കഴിപ്പിച്ചിരിക്കുന്നത്. മൂന്നു വർഷമെടുത്താണ് കെട്ടിടത്തിൻ്റെ നിർമാണം പൂർത്തിയാക്കിയത്. പിതാവ് നവാബുദ്ദീൻ സിദ്ദിഖിയുടെ സ്മരണയ്ക്കായി 'നവാബ് ' എന്നാണ് വീടിന് നൽകിയിരിക്കുന്ന പേര്.

ഗാങ്‌സ് ഓഫ് വാസിപൂർ ഉൾപ്പെടെയുള്ള സിനിമകളിലൂടെ രാജ്യാന്തര പ്രശസ്തി നേടിയ നടനാണ് നവാസുദ്ദീൻ സിദ്ദിഖി. സേക്രഡ് ഗെയിംസ് വെബ് സീരീസിലും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. നോ മാൻസ് ലാൻഡ്, ജോഗിര സാരാ രാ രാ എന്നിവയാണ് നടൻ്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ. മനു ജോസഫിന്റെ പുസ്തകത്തെ അടിസ്ഥാനമാക്കി ചെയ്ത സീരിയസ് മെൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള എമ്മി അവാർഡിന് സിദ്ദിഖിക്ക് നാമനിർദേശം ലഭിച്ചിരുന്നു.

ബ്ലാക്ക് ഫ്രൈഡേ, മനോരമ സിക്സ് ഫീറ്റ് അണ്ടർ, ദേവ് ഡി, കഹാനി, പാൻസിങ്ങ് തോമർ, ചിറ്റഗോങ്ങ്, പീപ് ലി ലൈവ്, മിസ് ലൗലി, ലയേഴ്‌സ് ഡൈസ്, ആത്മ, ദി ലഞ്ച് ബോക്സ്, മാഞ്ചി, ദി മൗണ്ടൻ മാൻ, രമൺ രാഘവ് 2.0, മാൻ്റോ എന്നിവയാണ് സിദ്ദിഖിയുടെ മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ.

Related Posts