വൈറ്റ് ഹൗസിൽ പുതിയ അന്തേവാസിയെത്തി; കമാൻഡർ എന്നു പേരുള്ള ജർമൻ ഷെപ്പേർഡ് നായ്ക്കുട്ടി

അമേരിക്കൻ പ്രസിഡണ്ടിൻ്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിൽ പുതിയൊരു അന്തേവാസി കൂടിയെത്തി. ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായ്ക്കുട്ടിക്കാണ് പ്രസിഡണ്ട് ജോ ബൈഡനും ഫസ്റ്റ് ലേഡി ജിൽ ബൈഡനും വൈറ്റ് ഹൗസിൽ സ്വാഗതം അരുളിയത്.

മനുഷ്യരുമായി സഹവസിക്കാൻ ഏറെ താത്പര്യം കാണിക്കുന്ന ഇനത്തിൽപ്പെട്ടതാണ് ജർമൻ ഷെപ്പേർഡ് നായകൾ. ബുദ്ധിശക്തിക്കും അനുസരണ ശീലത്തിനും പേരുകേട്ട ഇവ കാവൽ നായ് വിഭാഗത്തിൽ ഏറ്റവുമധികം തിരഞ്ഞെടുക്കപ്പെടുന്നവയും ആണ്. യജമാനനോട് അങ്ങേയറ്റം കൂറും വിശ്വസ്തതയും പ്രകടിപ്പിക്കുന്ന ഇവ അപരിചിതരോട് അക്രമ സ്വഭാവം കാണിക്കും. അൽസേഷ്യൻ എന്നും അറിയപ്പെടുന്ന ഈ ജനുസ്സിൽപ്പെട്ട നായ്ക്കൾ കുട്ടികളുമായി അതിവേഗം ചങ്ങാത്തത്തിൽ ഏർപ്പെടുന്നവയാണ്.

കമാൻഡർ എന്നാണ് പുതിയ ബൈഡൻ കുടുംബാംഗത്തിൻ്റെ പേര്. മീറ്റ് ദി ന്യൂവെസ്റ്റ് ബൈഡൻ എന്ന തലക്കെട്ടോടെ പ്രസിഡണ്ടിൻ്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പങ്കുവെച്ച വീഡിയോയിൽ ജോ ബൈഡനുമായും ജിൽ ബൈഡനുമായും കളിക്കുകയും ചങ്ങാത്തത്തിൽ ഏർപ്പെടുകയും ചെയ്യുന്ന നായ്ക്കുട്ടിയെ കാണാം. ടെന്നിസ് ബോൾ കടിച്ചു പിടിച്ച് പുൽപ്പരപ്പിലൂടെ ഓടി നടക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

വൈറ്റ് ഹൗസിൽ എത്തിയതിനുശേഷം ബൈഡൻ കുടുംബം വളർത്തുന്ന മൂന്നാമത്തെ ജർമൻ ഷെപ്പേർഡ് നായ്ക്കുട്ടിയാണ് കമാൻഡർ. നേരത്തേ വൈറ്റ് ഹൗസിലെത്തിയത് ചാംപ്, മേജർ എന്നീ നായ്ക്കളാണ്. യു എസ് രഹസ്യാന്വേഷണ വിഭാഗത്തിലെ ജീവനക്കാരനെ കടിച്ച മേജറിനെ അടുത്തിടെ ഡെലാവെറിലേക്ക് തിരിച്ചയച്ചിരുന്നു. കഴിഞ്ഞ ജൂണിൽ 13-ാം വയസ്സിൽ ചാംപ് ഈ ലോകത്തോട് വിട പറയുകയും ചെയ്തു. അതോടെയാണ് പുതിയ നായ്ക്കുട്ടിക്കായുള്ള അന്വേഷണം ബൈഡൻ കുടുംബം തുടങ്ങിയത്.

Related Posts