വൈറ്റ് ഹൗസിൽ പുതിയ പൂച്ചക്കുട്ടിയെത്തി; പേര് വില്ലോ
പണ്ട് വൈറ്റ് ഹൗസിൽ ഒരു പൂച്ചക്കുട്ടി ഉണ്ടായിരുന്നു, ജോർജ് ഡബ്ല്യു ബുഷിൻ്റെ കാലത്ത്. അമേരിക്കൻ പ്രസിഡണ്ടിൻ്റെ ഔദ്യോഗിക വസതിയിൽ ഒരു കുടുംബാംഗത്തെപ്പോലെ പ്രതാപിയായി വാണ അതിൻ്റെ പേര് ഇന്ത്യ എന്നായിരുന്നു. ഇന്ത്യയ്ക്കു ശേഷം വൈറ്റ് ഹൗസ് ഒരു പൂച്ചക്കുട്ടിയെ വളർത്തിയിട്ടില്ല. അതിൻ്റെ കുറവ് നികത്തിക്കൊണ്ടാണ് ഓമനത്തമുള്ള ഒരു മാർജാരൻ വൈറ്റ് ഹൗസിൻ്റെ പടി കയറുന്നത്.
ഫസ്റ്റ് ലേഡി ജിൽ ബൈഡൻ്റെ ജന്മ നഗരമായ വില്ലോ ഗ്രോവിൻ്റെ ചുവടു പിടിച്ചാണ് പൂച്ചക്കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. നന്നേ നീളം കുറഞ്ഞ രോമങ്ങളാണ് വില്ലോക്കുള്ളത്. രണ്ട് വയസ്സ് പ്രായമുണ്ട്.
2020-ൽ ഒരു ഫാം ഹൗസിൽ വെച്ച് തിരഞ്ഞെടുപ്പ് ക്യാമ്പയ്ൻ നടക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി സ്റ്റേജിലേക്ക് കയറിവന്ന് ബൈഡൻ ദമ്പതികളുടെ സ്നേഹവും വാത്സല്യവും പിടിച്ചുപറ്റിയ പൂച്ചക്കുഞ്ഞിനെയാണ് വൈറ്റ് ഹൗസിൽ എത്തിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ഡിസംബറിൽ കമാൻഡർ എന്നു പേരുള്ള ജർമൻ ഷെപ്പേഡ് നായ വൈറ്റ് ഹൗസിൽ എത്തിയിരുന്നു. ബൈഡൻ്റെ പ്രിയപ്പെട്ട ചാംപ് എന്ന ജർമൻ ഷെപ്പേഡ് മരണമടഞ്ഞതിനെ തുടർന്നാണ് കമാൻഡറിനെ കൊണ്ടുവന്നത്. മേജർ എന്ന മറ്റൊരു നായയും വൈറ്റ് ഹൗസിൽ ഉണ്ടായിരുന്നെങ്കിലും ജീവനക്കാരെ കടിച്ച് പരിക്കേൽപ്പിച്ചതിനെ തുടർന്ന് അവനെ മാറ്റി പാർപ്പിച്ചിരിക്കുകയാണ്.