മുല്ലപ്പെരിയാര്‍ മരംമുറിയില്‍ പുതിയ ഉത്തരവ് പുറത്തിറക്കി; മുന്‍ ഉത്തരവ് താല്‍ക്കാലികമായി മാറ്റിവെച്ചു
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ മരംമുറിയില്‍ സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കി. വനം വന്യജീവി വകുപ്പിന്റെ അഡീഷണൽ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിൻഹയാണ് ഉത്തരവ് താൽക്കാലികമായി മാറ്റിവെക്കുന്നുവെന്ന ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഉത്തരവ് മരവിപ്പിച്ചുവെന്ന് വ്യക്തമാക്കാതെ മരംമുറിക്കാൻ നൽകിയ മുൻ അനുമതി മാറ്റിവെക്കുന്നു എന്ന് മാത്രമാണ് ഉത്തരവിൽ പരാമർശമുള്ളത്. കേന്ദ്ര അനുമതി ഉണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാലാണ് മാറ്റിവെക്കുന്നതെന്നാണ് ഉത്തരവിൽ പറയുന്നത്.
മുല്ലപ്പെരിയാർ ബേബി ഡാമിനരികിലെ മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയ ഉത്തരവാണ് വിവാദത്തിന് തിരികൊളുത്തിയത്. ബേബി ഡാമിന്റെ സമീപത്തെ 15 മരങ്ങൾ മുറിക്കാൻ ഉത്തരവിട്ടുകൊണ്ട് നവംബർ മാസം അഞ്ചിനാണ് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഉത്തരവിറക്കിയത്. ഇത് വിവാദമായതിനെ തുടർന്ന് ഈ ഉത്തരവ് മരവിപ്പിക്കുമെന്നായിരുന്നു ഞായറാഴ്ച സർക്കാർ പ്രഖ്യാപനം. തിങ്കളാഴ്ച ഉത്തരവ് പുറത്തിറക്കുമെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ ഇന്ന് പുറത്തിറക്കിയ ഉത്തരവിൽ അനുമതി മരവിപ്പിക്കുന്നുവെന്നതിനു പകരം ഈ ഉത്തരവ് താൽക്കാലികമായി മാറ്റിവെക്കുന്നുവെന്ന് മാത്രമാണ് ഉള്ളത്.
പെരിയാർ ടൈഗർ റിസർവിലുൾപ്പെട്ട സ്ഥലത്താണ് ബേബി ഡാമുള്ളത്. അവിടത്തെ മരങ്ങൾ മുറിച്ചുമാറ്റാൻ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും ടൈഗർ റിസർവിന്റെയും അനുമതി വേണം. മരംമുറിക്കാൻ അനുമതി നൽകുന്നതിനുമുൻപ് ഇത്തരം കാര്യങ്ങൾ പരിശോധിച്ചിട്ടുണ്ടോ എന്ന് നേരത്തെ ഇറങ്ങിയ ഉത്തരവിൽ വ്യക്തതയില്ല. അതിനാൽ ഉത്തരവ് മാറ്റിവെയ്ക്കുന്നുവെന്നാണ് ഇപ്പോൾ ഇറങ്ങിയ ഉത്തരവിൽ പറയുന്നത്.