ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്സിൻ്റെ ജില്ലാതല ഉദ്ഘാടനം നടന്നു
ന്യുമോണിയക്കെതിരെ കുഞ്ഞുങ്ങൾക്ക് പുതിയ പരിരക്ഷ
നവജാത ശിശുക്കളിൽ ഉണ്ടാകുന്ന ന്യുമോണിയ, മനിഞ്ചൈറ്റിസ് തുടങ്ങി മാരകമായ രോഗങ്ങളിൽ നിന്ന് രക്ഷ നേടുന്നതിന് പി സി വി (ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്സിൻ) പ്രതിരോധ കുത്തിവെപ്പ് ജില്ലയിൽ ആരംഭിച്ചു. തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ നടന്ന പ്രതിരോധ കുത്തിവെപ്പിൻ്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടർ ഹരിത വി കുമാർ നിർവ്വഹിച്ചു.
സ്വകാര്യആശുപത്രികളിൽ മാത്രം ലഭിച്ചിരുന്ന ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്സിനാണ് സൗജന്യമായി സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ കൂടി ലഭ്യമാകുന്നത്. കുട്ടികൾ ജനിച്ച് ആദ്യത്തെ 6 ആഴ്ച്ചയിലും 14 ആഴ്ച്ചയിലും 9 മാസത്തിലുമായാണ് വാക്സിൻ നൽകുക. മൂന്ന് ഘട്ടങ്ങളിലായി .5 എംഎൽ അളവിലാണ് വാക്സിൻ നൽകുന്നത്. ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചതോടെ തൃശൂർ ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പി സി വി വാക്സിൻ ലഭ്യമാകും. തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ മുതൽ ഉച്ച വരെയാണ് വാക്സിൻ നൽകുന്നത്.
ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി കെ ഷാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ ജെ റീന, കൗൺസിലർ റെജി ജോയ്, നാഷ്ണൽ ഹെൽത്ത് മിഷൻ ഡി പി എം ഡോ.യു ആർ രാഹുൽ എന്നിവർ സന്നിഹിതരായി. ജൂനിയർ കൺസൾട്ടൻ്റ് പീഡിയാട്രിക്സ് ഡോ. പവൻ മധുസൂദനൻ സ്വാഗതവും ജില്ലാ ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ടി പി ശ്രീദേവി നന്ദിയും പറഞ്ഞു.