ആഴ്ചയിൽ 5 ദിവസം മാത്രം ജോലി, വിരമിക്കൽ പ്രായം 57; ശമ്പള പരിഷ്കരണ കമ്മിഷന്റെ പുതിയ ശുപാർശകൾ
സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 56-ൽ നിന്ന് 57 ആക്കി ഉയർത്താൻ പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മിഷൻ്റെ ശുപാർശ. പട്ടിക വിഭാഗക്കാർക്കും
ഒ ബി സിക്കാർക്കും നീക്കിവെച്ച സംവരണത്തിന്റെ 20 ശതമാനം ആ വിഭാഗങ്ങളിലെ സാമ്പത്തിക ശേഷി കുറഞ്ഞവർക്കായി നീക്കിവെയ്ക്കണം.
സർവീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് മുഴുവൻ പെൻഷൻ നൽകണമെന്ന നിർദേശവുമുണ്ട്.
സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിവസം ആഴ്ചയിൽ 6 ദിവസത്തിൽ നിന്ന് 5 ആയി കുറയ്ക്കണമെന്നും അതിനനുസൃതമായി ജോലി ചെയ്യുന്ന സമയം വർധിപ്പിക്കണമെന്നും ശുപാർശയുണ്ട്. പ്രവൃത്തി സമയം രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയാക്കണം.
വാർഷിക അവധി ദിനങ്ങൾ 12 ആയി ചുരുക്കണമെന്നും ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ആഘോഷങ്ങൾ ഉണ്ടെങ്കിലേ പ്രാദേശികമായ അവധികൾ അനുവദിക്കേണ്ടതുള്ളൂ എന്നും ആർജിത വാർഷികാവധി 30 ആക്കി ചുരുക്കണമെന്നും നിർദേശമുണ്ട്.
വീട്ടിലിരുന്നു ചെയ്യാവുന്ന ജോലികൾ ഓരോ സർക്കാർ വകുപ്പും കണ്ടെത്തണമെന്നും വർക്ക് ഫ്രം ജോലിക്കായി ഉദ്യോഗസ്ഥർക്ക് മാറിമാറി അവസരം നൽകണമെന്നും ശുപാർശയിലുണ്ട്.
നിയമന രംഗത്തെ സുതാര്യത ഉറപ്പാക്കാൻ ഉദ്യോഗാർഥികളുമായുള്ള അഭിമുഖങ്ങൾ റെക്കോഡ് ചെയ്ത് സൂക്ഷിക്കാൻ നിർദേശമുണ്ട്. പരാതി പരിഹാരത്തിന് ഓംബുഡ്സ്മാൻ സംവിധാനം വേണം.
ഹൈക്കോടതിയിൽ നിന്നോ സുപ്രീം കോടതിയിൽ നിന്നോ വിരമിച്ച ജസ്റ്റിസിനെ ഓംബുഡ്സ്മാനായി നിയമിക്കണം. ഭരണ രംഗത്ത് കാര്യക്ഷമത ഉറപ്പാക്കാനും പൊതുജനങ്ങളോടുള്ള സർക്കാർ ജീവനക്കാരുടെ പെരുമാറ്റം മെച്ചപ്പെടുത്താനും നിർദേശങ്ങളുണ്ട്. പിഎസ്‌സി റിക്രൂട്മെന്റ് കാര്യക്ഷമമാക്കണം എന്ന് നിർദേശിക്കുന്നതോടൊപ്പം ചെലവ് കുറയ്ക്കുന്നതിനായി പിഎസ്‌സി അംഗങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കണമെന്ന നിർദേശവും മുന്നോട്ടു വെച്ചിട്ടുണ്ട്