അടുത്ത അധ്യയനവർഷം മുതൽ പുതിയ ലിപി
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ പുതിയ ലിപിയും ഏകീകൃത രചനാ ശൈലിയും സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി വി പി ജോയ്. ഇക്കാര്യത്തിൽ പി എസ് സിയുമായി ചർച്ച നടത്തും. അടുത്ത അധ്യയന വർഷം മുതൽ അച്ചടിക്കുന്ന പാഠപുസ്തകങ്ങൾ പുതുക്കിയ ലിപിയിലും രചനാ ശൈലിയിലുമായിരിക്കും. ഭാഷാ മാർഗ്ഗനിർദ്ദേശ വിദഗ്ധ സമിതി ശുപാർശ ചെയ്ത പുതുക്കിയ ലിപിയും രചനാ ശൈലിയും സ്വീകരിക്കുന്നത് സംബന്ധിച്ച് എഡിറ്റർമാരുമായി നടത്തിയ ചർച്ചയിലാണ് ചീഫ് സെക്രട്ടറി ഇക്കാര്യം പറഞ്ഞത്. മാധ്യമങ്ങളും പുതിയ രീതി സ്വീകരിക്കുമെന്ന് ധാരണയായിട്ടുണ്ട്.