കൊവിഡ് കാലത്ത് പ്രസവിക്കാൻ സ്ത്രീകൾ മടിക്കുന്നതായി പുതിയ പഠനം
മഹാമാരിക്കാലത്ത് പ്രസവിക്കാൻ സ്ത്രീകൾ മടിക്കുന്നതായി അമേരിക്കയിൽ നിന്നുള്ള പുതിയ പഠനം. കൊവിഡ് പൊട്ടിപ്പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ന്യൂയോർക്ക് നഗരത്തിൽ
അമ്മയാവാൻ തയ്യാറെടുപ്പുകൾ തുടങ്ങിയ സ്ത്രീകളിൽ അമ്പതു ശതമാനം പേരും കൊവിഡിനു ശേഷമുള്ള ആദ്യ മാസങ്ങളിൽ തന്നെ തങ്ങളുടെ ശ്രമം ഉപേക്ഷിച്ചതായി ജാമ നെറ്റ് വർക്ക് ഓപ്പൺ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു.
എൻ വൈ യു ഗ്രോസ്മാൻ സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകരുടെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ 1179 അമ്മമാരാണ് ഭാഗഭാക്കായത്. മൂന്നിലൊന്ന് സ്ത്രീകളും കൊവിഡ് കാലം കഴിഞ്ഞു മാത്രമേ വീണ്ടും ഗർഭിണിയാകുന്നത് പരിഗണിക്കുന്നുള്ളൂ എന്ന് അഭിപ്രായപ്പെട്ടു.
കൊവിഡ് പ്രതിസന്ധി സ്ത്രീകളെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചതായി ഗവേഷണ സംഘത്തിന് നേതൃത്വം നൽകിയ പ്രമുഖ പകർച്ചവ്യാധി വിദഗ്ധ ലിൻഡ കാൻ പറഞ്ഞു. പ്രത്യക്ഷത്തിൽത്തന്നെ നമുക്കെല്ലാം തിരിച്ചറിയാൻ കഴിയുന്ന ആരോഗ്യ, സാമ്പത്തിക പ്രത്യാഘാതങ്ങൾക്കപ്പുറം സാമൂഹികമായ ഒട്ടേറെ പ്രത്യാഘാതങ്ങൾ കൊവിഡ് മൂലം സംജാതമായിട്ടുണ്ടെന്നും അതിനുള്ള മറ്റൊരു ഉദാഹരണമാണിതെന്നും കാൻ പറഞ്ഞു.
സ്ത്രീകളുടെ പ്രായം കൂടുന്തോറും ഗർഭധാരണം അപകടകരവും കൈവരിക്കാൻ കൂടുതൽ ബുദ്ധിമുട്ടുള്ളതുമായി മാറാൻ ഇടയുണ്ട്. അതിനാൽ വൈറസ് പ്രതിസന്ധി മൂലമുണ്ടാകുന്ന ഗർഭധാരണത്തിലെ കാലതാമസം അമ്മയ്ക്കും കുഞ്ഞിനും അപകടസാധ്യത വർധിപ്പിക്കും. വിലയേറിയ ഫെർട്ടിലിറ്റി ചികിത്സകളുടെ ആവശ്യകതയ്ക്കും അത് കാരണമാകുമെന്നും അവർ കൂട്ടിച്ചേർത്തു.