ട്വിറ്ററിൽ പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ; പരസ്യ രഹിത സേവനം ലഭ്യമാക്കാൻ മസ്ക്
വാഷിങ്ടൺ: പരസ്യ രഹിത സബ്സ്ക്രിപ്ഷൻ സേവനം ലഭ്യമാക്കാൻ എലോൺ മസ്കിന്‍റെ പുതിയ പദ്ധതി. ഒക്ടോബറിൽ മസ്ക് ഏറ്റെടുത്തതിനുശേഷം ട്വിറ്റർ വലിയ സാമ്പത്തിക അനിശ്ചിതത്വം നേരിടുന്ന സമയത്താണ് ഈ പ്രഖ്യാപനം. 'ട്വിറ്ററിൽ പരസ്യങ്ങൾ വളരെ കൂടുതലാണ്. വരും ആഴ്ചകളിൽ ഇത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കും', മസ്ക് ശനിയാഴ്ച ട്വീറ്റ് ചെയ്തു. ഇതുവരെ വരുമാനത്തിനായി പരസ്യങ്ങളെ ആശ്രയിച്ചിരുന്ന ട്വിറ്റർ ഇപ്പോൾ ഒരു വലിയ മാറ്റത്തിന് തുടക്കമിടുകയാണ്. കഴിഞ്ഞ വർഷം അവസാനം 7,500 തൊഴിലാളികളിൽ പകുതിയോളം പേരെ മസ്ക് പിരിച്ചുവിട്ടതോടെ പരസ്യം നൽകുന്നതിന് ബുദ്ധിമുട്ടേറിയിട്ടുണ്ട്. കമ്പനിക്ക് വേണ്ടത്ര സ്റ്റാഫുകൾ ഇല്ലാത്തത് പരസ്യങ്ങൾ നൽകുന്നതിനെ ബാധിക്കുമെന്ന് പരസ്യദാതാക്കളും ആശങ്കയിലാണ്.