വിവാദങ്ങളിൽ പുതിയ വഴിത്തിരിവ്; 2017-ൽ ഇന്ത്യ പെഗാസസ് വാങ്ങിയിരുന്നതായി ന്യൂയോർക്ക് ടൈംസിൻ്റെ കണ്ടെത്തൽ
2017-ൽ ഇസ്രയേലുമായുള്ള പ്രതിരോധ കരാറിൻ്റെ ഭാഗമായി ഇന്ത്യ പെഗാസസ് ചാര സോഫ്റ്റ് വെയർ വാങ്ങിയിരുന്നതായി റിപ്പോർട്ടുകൾ. അമേരിക്കൻ ദിനപത്രമായ ന്യൂയോർക്ക് ടൈംസാണ് ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ വിവാദങ്ങളിൽ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇസ്രയേലി കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പിൻ്റെ പെഗാസസ് ചാര സോഫ്റ്റ് വെയർ ലോകമെമ്പാടും, പ്രത്യേകിച്ച് ഇന്ത്യയിൽ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. മനുഷ്യാവകാശ പ്രവർത്തകരുടേയും മാധ്യമ പ്രവർത്തകരുടേയും പ്രതിപക്ഷ നേതാക്കളുടേയും ഫോൺ ചോർത്താൻ കേന്ദ്ര സർക്കാർ പെഗാസസിൻ്റെ സഹായം തേടിയെന്ന വെളിപ്പെടുത്തലാണ് പാർലമെൻ്റിലടക്കം വലിയ തോതിലുള്ള ഒച്ചപ്പാടിന് ഇടയാക്കിയത്.
മിസൈൽ സംവിധാനം ഉൾപ്പെടെ ആയുധങ്ങൾക്കായുള്ള 2 ബില്യൺ ഡോളർ പാക്കേജിന്റെ ഭാഗമായാണ് 2017-ൽ കേന്ദ്ര സർക്കാർ ഇസ്രയേലി ചാര സോഫ്റ്റ് വെയർ വാങ്ങിയത് എന്നാണ് ന്യൂയോർക്ക് ടൈംസിൻ്റെ കണ്ടെത്തൽ. ഒരു വർഷത്തോളം നീണ്ടുനിന്ന രഹസ്യമായ അന്വേഷണത്തിൻ്റെ വിവരങ്ങളാണ് പത്രം പുറത്തുവിട്ടത്. അമേരിക്കയുടെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (എഫ്ബിഐ) സ്‌പൈ വെയർ വാങ്ങിയിരുന്നു. ആഭ്യന്തര നിരീക്ഷണത്തിനായി പെഗാസസ് ഉപയോഗിക്കാൻ വർഷങ്ങളോളം എഫ്ബിഐ പദ്ധതിയിട്ടിരുന്നു. ഉപകരണങ്ങൾ വിന്യസിക്കേണ്ടതില്ലെന്ന് ഏജൻസി തീരുമാനിക്കുന്നത് കഴിഞ്ഞ വർഷമാണ്.
2017 ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഇസ്രയേൽ സന്ദർശനത്തിൽ പെഗാസസ് ഭാഗഭാക്കായിരുന്നു എന്നാണ് പത്രം റിപ്പോർട്ട് ചെയ്യുന്നത്. ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യത്തെ ഇസ്രയേൽ സന്ദർശനമായിരുന്നു അത്. പാലസ്തീൻ വിഷയത്തിൽ രാജ്യത്തിൻ്റെ പ്രഖ്യാപിത നയത്തിൽ നിന്നുള്ള വ്യതിചലനമായാണ് മോദിയുടെ സന്ദർശനത്തെ ലോകം വിലയിരുത്തിയത്.
മോദിയുടെ ഇസ്രയേൽ സന്ദർശനം വളരെ സൗഹാർദപരമായിരുന്നു. അദ്ദേഹവും അന്നത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും നഗ്നപാദരായി കടൽത്തീരത്ത് നടന്നു. ഇരുരാജ്യങ്ങൾക്കും ഇടയിൽ ഊഷ്മളമായ സൗഹൃദം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. പെഗാസസ് ചാര സോഫ്റ്റ് വെയറും പ്രതിരോധ മിസൈൽ സംവിധാനവും ആയിരുന്നു മോദിയുടെ ഇസ്രയേൽ സന്ദർശന അജണ്ടയിലെ കേന്ദ്രബിന്ദു. ഏകദേശം 2 ബില്യൺ ഡോളർ വിലമതിക്കുന്ന അത്യാധുനിക ആയുധങ്ങളുടെയും രഹസ്യാന്വേഷണ ഉപകരണങ്ങളുടെയും വിൽപ്പനയാണ് അന്ന് നടന്നത്.