ന്യൂസിലൻഡും ടിക്ക് ടോക്ക് നിരോധിക്കാൻ ഒരുങ്ങുന്നു
ന്യൂസിലൻഡ്: അമേരിക്കക്ക് പിന്നാലെ ന്യൂസിലൻഡിലും ടിക് ടോക്കിന് നിരോധനം. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് ന്യൂസിലൻഡ് പാർലമെന്‍റ് ടിക് ടോക്കിനെ നിരോധിച്ചത്. സുരക്ഷാ പ്രശ്നങ്ങൾ കാരണം ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങൾ നേരത്തെ ടിക് ടോക്ക് നിരോധിച്ചിരുന്നു. ഈ മാസം അവസാനത്തോടെ ടിക് ടോക്ക് നിരോധിക്കുമെന്ന് പാർലമെന്‍ററി സർവീസ് രാജ്യത്തെ എംപിമാരെ അറിയിച്ചു. ടിക് ടോക്കിന്‍റെ ഉപഭോക്തൃ ഡാറ്റ ചൈനീസ് സർക്കാരിന്റെ കൈകളിലേക്ക് എത്തുമെന്ന കാരണത്താലാണ് ആപ്ലിക്കേഷൻ നിരോധിച്ചത്. പാർലമെന്‍റ് അംഗങ്ങൾക്ക് അയച്ച ഇമെയിലിൽ, മാർച്ച് 31ന് അവരുടെ കോർപ്പറേറ്റ് ഉപകരണങ്ങളിൽ നിന്ന് ആപ്ലിക്കേഷൻ നീക്കം ചെയ്യുമെന്നും അതിനുശേഷം ഇത് വീണ്ടും ഡൗൺലോഡ് ചെയ്യാൻ കഴിയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ ഫോണുകളിൽ നിന്ന് ടിക് ടോക്ക് നിരോധിക്കണോ എന്ന് ബ്രിട്ടനിലെ ദേശീയ സൈബർ സുരക്ഷാ കേന്ദ്രം പരിശോധിക്കുകയാണ്. കാനഡ, ബെൽജിയം, യൂറോപ്യൻ കമ്മീഷൻ എന്നിവ ഇതിനകം ആപ്ലിക്കേഷൻ നിരോധിച്ചിരുന്നു. സൈബർ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് ഈ രാജ്യങ്ങളും ആപ്ലിക്കേഷൻ നീക്കം ചെയ്യാൻ ഉത്തരവിട്ടത്. യുവാക്കൾക്കിടയിൽ വളരെ പ്രചാരമുള്ള ടിക് ടോക്ക് ലോകത്തിലെ ഏറ്റവും വിജയകരമായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ്. യുഎസിൽ മാത്രം ടിക് ടോക്കിന് 100 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്. ടിക്ക് ടോക്കിന്‍റെ യുഎസ് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ കൈമാറാൻ ചൈനീസ് സർക്കാർ ടിക് ടോക്കിനെയും മാതൃ കമ്പനിയായ ബൈറ്റ്ഡാൻസിനെയും ഉപയോഗിക്കുന്നുവെന്നും യുഎസ് ആരോപിച്ചു. അതേസമയം, സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന ആരോപണം ടിക്ക് ടോക്ക് നിഷേധിച്ചു. യുഎസിനെതിരെ ശക്തമായ പ്രതികരണവുമായി ചൈന തന്നെ രംഗത്തെത്തിയിട്ടുണ്ട്. ടിക്ക് ടോക്കിനെ നശിപ്പിക്കാനാണ് അമേരിക്കയുടെ നീക്കമെന്ന് ചൈന പ്രതികരിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് മൊബൈൽ ആപ്ലിക്കേഷനായ ടിക്ക് ടോക്കിനെ നശിപ്പിക്കാൻ അമേരിക്ക ശ്രമിക്കുന്നുവെന്ന് ചൈന ആരോപിച്ചു. ടിക്ക് ടോക്കിലെ ഓഹരികൾ വിൽക്കാൻ യുഎസ് ഭരണകൂടം കമ്പനിയുടെ ചൈനീസ് ഉടമകളോട് ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ചൈനയുടെ പ്രതികരണം.