വിമാനത്തിന്റെ ശുചിമുറിയിൽ പ്രസവം; ചവറ്റുകുട്ടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശു
രക്തത്തിൽ നനഞ്ഞ, ടോയ്‌ലറ്റ് പേപ്പറിൽ പൊതിഞ്ഞ നവജാത ശിശുവിനെ വിമാനത്തിന്റെ ശുചിമുറിയിലെ ചവറ്റുകുട്ടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മൗറീഷ്യസിലാണ് സംഭവം.
സർ സീവൂസാഗൂർ രാംഗൂലം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ എയർ മൗറീഷ്യസ് വിമാനത്തിന്റെ ശുചിമുറിയിലാണ് പ്രസവം നടന്നിരിക്കുന്നത്. നവജാത ശിശുവിന്റെ അമ്മയായ 20 കാരിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മഡഗാസ്‌കറിൽ നിന്നുള്ള യുവതിയാണ് ഇവർ. കുഞ്ഞ് തന്റെതല്ലെന്ന് ആദ്യം പറഞ്ഞെങ്കിലും വൈദ്യ പരിശോധനയിൽ അവർ അൽപ്പം മുമ്പ് മാത്രം പ്രസവിച്ച വിവരം വെളിപ്പെടുകയായിരുന്നു. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ് യുവതി.
പതിവ് കസ്റ്റംസ് പരിശോധനയ്ക്കായി സ്‌ക്രീൻ ചെയ്തപ്പോഴാണ് എയർപോർട്ട് ഉദ്യോഗസ്ഥർ കുട്ടിയെ കണ്ടത്. രക്തം പുരണ്ട ടോയ്ലറ്റ് പേപ്പറുകളാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. പിന്നീടാണ് വേസ്റ്റ് ബിന്നിൽ കുട്ടിയെ കണ്ടെത്തുന്നത്. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.