മാഞ്ചെസ്റ്റര്‍ സിറ്റിയെ സമനിലയില്‍ തളച്ച് ന്യൂകാസില്‍
ന്യൂകാസില്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സമനില. ന്യൂകാസിൽ യുണൈറ്റഡാണ് സിറ്റിയെ സമനിലയിൽ തളച്ചത്. ഇരുടീമുകളും മൂന്ന് ഗോളുകൾ നേടി. മൂന്ന് കളികളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയുമടക്കം ഏഴ് പോയിന്‍റാണ് സിറ്റിക്കുള്ളത്. അഞ്ചാം മിനിറ്റിൽ തന്നെ സെന്‍റ് ജെയിംസ് പാർക്കിൽ സിറ്റി ലീഡുയർത്തി. ഇകായ് ഗുണ്ടോഗനാണ് വലകുലുക്കിയത്. പിന്നീട് ന്യൂകാസിലിന്‍റെ ശക്തമായ തിരിച്ചുവരവാണ് കളിക്കളത്തിൽ കണ്ടത്. 28-ാം മിനിറ്റിൽ മിഗുവൽ അൽമിറോൺ ന്യൂകാസിലിനായി ഒരു ഗോൾ നേടി. 39-ാം മിനിറ്റിൽ സ്ട്രൈക്കർ കാളം വിൽസണിലൂടെ ന്യൂകാസിൽ രണ്ടാം ഗോൾ നേടി. ആദ്യപകുതിയിൽ സിറ്റി 2-1ന് പിന്നിലായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ന്യൂകാസിൽ വീണ്ടും ഗോൾ നേടി. ഡിഫൻഡർ കിയറൺ ട്രിപ്പിയർ മനോഹരമായ ഒരു ഫ്രീകിക്കിലൂടെ ഗോൾ നേടി. ഇതോടെ ചാമ്പ്യൻമാർ പ്രതിരോധത്തിലായി. എന്നാൽ സിറ്റി കീഴടങ്ങാൻ തയ്യാറായില്ല. രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് കളി സമനിലയിലാക്കി. 60-ാം മിനിറ്റിൽ ഹാളണ്ടും, 64-ാം മിനിറ്റിൽ ബെർണാഡോ സിൽവയുമാണ് ഗോൾ നേടിയത്.