ന്യൂയോർക്കിൽ വാക്സിൻ സ്വീകരിക്കുന്നവർക്ക് 100 ഡോളർ സമ്മാനം.
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയുടെ കീഴിലുള്ള വാക്സിനേഷൻ സൈറ്റിൽ നിന്ന് കൊവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കുന്നവർക്ക് 100 ഡോളർ നൽകുമെന്ന് മേയർ ബിൽ ഡി ബ്ലാസിയോ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച (30/07/2021) മുതൽ വാക്സിൻ നേടുന്നവർക്ക് ഈ ആനുകൂല്യം ലഭിച്ചുതുടങ്ങും.
വാക്സിനേഷൻ നിരക്ക് വർധിപ്പിക്കുന്നത് വ്യാപനം കുറയ്ക്കുമെന്നതു കൊണ്ടാണ്, അതിനുള്ള മാർഗമെന്ന നിലയ്ക്ക് വാക്സിൻ സ്വീകരിക്കുന്നവർക്ക് 100 ഡോളർ നൽകുമെന്ന പ്രഖ്യാപനം മേയർ നടത്തിയിരിക്കുന്നത്. സിറ്റിയിൽ 40 ശതമാനം ആളുകൾ വാക്സിൻ നേടാൻ ബാക്കിയുണ്ട്.
സിറ്റിയിലെ 5 ബോറോകളിൽ ഡെൽറ്റ വകഭേദം മൂലം കൊവിഡ് വ്യാപനം ഉയർന്നിട്ടുണ്ടെങ്കിലും, ഇൻഡോർ മാസ്ക് മാൻഡേറ്റ് വീണ്ടും ഏർപ്പെടുത്താനുള്ള സി ഡി സിയുടെ ശുപാർശയിൽ വിശദമായി പഠിച്ച ശേഷമേ തീരുമാനം എടുക്കൂ എന്ന് മേയർ. മാർഗ്ഗനിർദ്ദേശം നൽകുന്നത് മാത്രമാണ് സി ഡി സിയുടെ ചുമതലയെന്നും, ഓരോ പ്രദേശത്തിനും സാഹചര്യം മുൻനിർത്തി ഉചിതമായ തീരുമാനം കൈക്കൊള്ളാൻ അധികാരമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.