വെസ്റ്റ് ഇൻഡീസിന്റെ ഏകദിന-ടി20 നായകസ്ഥാനമൊഴിഞ്ഞ് നിക്കോളാസ് പുറാൻ
നിക്കോളാസ് പുറാൻ വെസ്റ്റ് ഇൻഡീസ് ഏകദിന, ടീം നായകസ്ഥാനം രാജിവച്ചു. ടി20 ലോകകപ്പിൽ സൂപ്പർ 12ൽ പോലും ഇടം നേടാൻ വിൻഡീസിന് കഴിയാത്തതിനാൽ വൈറ്റ് ബോൾ ടീമുകളുടെ ക്യാപ്റ്റൻസിയിൽ നിന്ന് അദ്ദേഹം പടിയിറങ്ങുകയാണ്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം പരിക്ക് കാരണം കീറോൺ പൊള്ളാർഡ് പുറത്തായതിന് ശേഷമാണ് പുറാൻ വെസ്റ്റ് ഇൻഡീസ് ടീമിനെ നയിക്കുന്നത്. ഈ വർഷം മെയ് മാസത്തിലാണ് പൊള്ളാർഡിന്‍റെ വിരമിക്കലിനെ തുടർന്ന് പുറാനെ സ്ഥിരം ക്യാപ്റ്റനായി നിയമിച്ചത്. എന്നാൽ പുറാന്‍റെ കീഴിൽ വെസ്റ്റ് ഇൻഡീസിന്‍റെ പ്രകടനം നിരാശാജനകമായിരുന്നു. വെസ്റ്റ് ഇൻഡീസിനെ 17 ഏകദിനങ്ങളിൽ അദ്ദേഹം നയിച്ചു. ഇതിൽ നാലെണ്ണത്തിൽ മാത്രമാണ് ടീമിന് ജയിക്കാനായത്. 23 ടി20 മത്സരങ്ങളിൽ എട്ടെണ്ണത്തിൽ ടീം ജയിച്ചിട്ടുണ്ട്. പുറാന് പകരം റോവ്മൻ പവൽ ടി20യിലും ഷായ് ഹോപ് ഏകദിനത്തിലും വിൻഡീസ് ക്യാപ്റ്റനാകുമെന്നാണ് സൂചന.