13-ാം വയസ്സുമുതൽ പ്രമേഹരോഗി, മുൻ ലോകസുന്ദരി പ്രിയങ്ക ചോപ്രയുടെ ഭർത്താവ് നിക്ക് ജോനാസിൻ്റെ കുറിപ്പ്
13-ാം വയസ്സുമുതൽ കടുത്ത പ്രമേഹരോഗിയാണെന്നും കഴിഞ്ഞ 16 വർഷക്കാലമായി രോഗവുമായി മല്ലിടുകയാണെന്നും പ്രശസ്ത അമേരിക്കൻ സംഗീത പ്രതിഭ നിക്ക് ജോനാസ്. മുൻ ലോകസുന്ദരി പ്രിയങ്ക ചോപ്രയുടെ ജീവിത പങ്കാളിയാണ് നിക്ക്. ഇൻസ്റ്റഗ്രാമിലിട്ട ദീർഘമായ കുറിപ്പിലാണ് കൗമാരകാലത്ത് ടൈപ്പ് 1 പ്രമേഹം പിടിപെട്ടപ്പോൾ മുതൽ അനുഭവിച്ചുവരുന്ന മാനസിക സംഘർഷത്തെ കുറിച്ചും ഒന്നരപ്പതിറ്റാണ്ടായി രോഗവുമായി മല്ലിട്ടു കൊണ്ടുള്ള പ്രയാസകരമായ ജീവിതത്തെക്കുറിച്ചും നിക്ക് മനസ്സ് തുറക്കുന്നത്.
"ഞാനാകെ തകർന്നുപോയി. ഭയപ്പെട്ടു പോയി. ലോകമാകെ ചുറ്റിക്കറങ്ങി കൂട്ടുകാർക്കൊപ്പം പരിപാടികൾ അവതരിപ്പിക്കുന്ന സമയം. സംഗീത ജീവിതത്തിൻ്റെ അന്ത്യമായി എന്ന തോന്നലിൽ ആകെ തളർന്നുപോയി. പക്ഷേ ജീവിതത്തെ മുറുകെ പിടിച്ച് മുന്നോട്ടുതന്നെ പോകണമെന്ന നിശ്ചയ ദാർഢ്യമാണ് പിന്നീടെന്നെ മുന്നോട്ട് നടത്തിയത്. വലിയൊരു സപ്പോർട്ട് സിസ്റ്റമാണ് കൂട്ടിനുണ്ടായിരുന്നത്. തളർന്നു പോകുമ്പോഴെല്ലാം കൂടുതൽ കൂടുതൽ കരുത്ത് പകർന്ന് അവരെല്ലാം ഒപ്പം നിന്നു," ഇൻസ്റ്റഗ്രാമിൽ നിക്ക് കുറിച്ചു.
2018-ലും തൻ്റെ രോഗാവസ്ഥയെപ്പറ്റി സോഷ്യൽ മീഡിയയിലൂടെ നിക്ക് പ്രതികരിച്ചിരുന്നു. രോഗം കലശലായപ്പോൾ തൂക്കം തീരെ കുറഞ്ഞ് മെല്ലിച്ച രൂപത്തിലായതും പിന്നീട് നിയന്ത്രണ വിധേയമായപ്പോൾ ശരീരത്തിന് വന്ന മാറ്റവും പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങൾ സഹിതമായിരുന്നു അന്നത്തെ പോസ്റ്റ്. 2018-ലാണ് 26-കാരനായ നിക്ക് തന്നേക്കാൾ 10 വയസ്സ് പ്രായക്കൂടുതലുള്ള പ്രിയങ്കയെ വിവാഹം കഴിക്കുന്നത്. ന്യൂയോർക്കിലാണ് ദമ്പതികൾ ഇപ്പോൾ താമസിക്കുന്നത്.