നിപ സംശയം; കുട്ടികൾ ഗുരുതരാവസ്ഥയിൽ, യുവാവിന്റെ നില തൃപ്തികരം
കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ നിപ സംശയത്തിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ രണ്ടുപേരുടെ നില ഗുരുതരം. മരുതോങ്കര സ്വദേശിയായ മരിച്ചയാളുടെ രണ്ട് മക്കളും ബന്ധുവുമാണ് ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
ഇയാളുടെ രണ്ട് മക്കളിൽ 9വയസുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ഈ കുട്ടി വെന്റിലേറ്ററിൻ്റെ സഹായത്താലാണ് ആശുപത്രിയിൽ കഴിയുന്നത്. 4വയസുള്ള കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുണ്ടെങ്കിലും അതീവ ഗുരുതരമല്ല. അതേസമയം, മരിച്ചയാളുടെ ബന്ധുവായ 25വയസു കാരന്റെ നില തൃപ്തികരമാണെന്നാണ് വിവരം. മരിച്ചയാളുടെ സമ്പർക്കത്തിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. അതിനായി ഫീൽഡ് സർവ്വെ തുടങ്ങിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്.
പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ ലഭിച്ചേക്കും. അതേസമയം, പ്രാദേശിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചതായാണ് വിവരം. രോഗബാധ സംശയിക്കുന്നവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പരിശോധന ഫലത്തിൽ രോഗം സ്ഥിരീകരിച്ചാൽ, നിപ പ്രോട്ടോകോൾ നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കും.