കേരളത്തിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്
കോഴിക്കോട്: ചികിത്സയിലിരിക്കെ മരിച്ച പന്ത്രണ്ടു വയസ്സുള്ള കുട്ടിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. കുട്ടിയുടെ ആദ്യ സ്രവപരിശോധനാഫലത്തിൽ നിപ സ്ഥിരീകരിച്ചതായി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവ് ആണ്. കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും അയൽവാസികളും ആരോഗ്യവകുപ്പിൻ്റെ നിരീക്ഷണത്തിലാണ്. നിരീക്ഷണത്തിലിരിക്കുന്ന ആർക്കും ഇതുവരെ രോഗലക്ഷണങ്ങൾ ഇല്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രോഗത്തിൻ്റെ ഉറവിടം കണ്ടെത്തിയിട്ടില്ല.
മാവൂർ മുന്നൂർ സ്വദേശിയായ പന്ത്രണ്ടു വയസ്സുള്ള കുട്ടിയാണ് ഇന്ന് പുലർച്ചയോടെ നിപ ബാധിച്ചു മരിച്ചത്. പനി ബാധിച്ച കുട്ടിയെ ആദ്യം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.ഭേദമാകാതിരുന്നതോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവിടെ നിന്നാണ് ഒന്നാം തിയ്യതിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. സ്വകാര്യ ആശുപതിയിൽ എത്തിക്കുബോൾ 104 ഡിഗ്രി പനിയുണ്ടായിരുന്നു.അബോധാവസ്ഥയിലായിരുന്ന കുട്ടി ആറു ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഇതിനിടയിൽ സാമ്പിളുകൾ പരിശോധനക്ക് അയച്ചതിൽ മൂന്ന് സാമ്പിളും പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു.