നിപ പരിശോധന; എട്ട് സാംപിളുകളും നെഗറ്റീവ്

വളരെ അടുത്ത സമ്പർക്കമുള്ളവർക്ക് നെഗറ്റീവാണെന്നുള്ളത് ആശ്വാസകരമാണെന്ന് മന്ത്രി വീണ ജോർജ്.

കോഴിക്കോട്: പുണെ നാഷണൽ വൈറോളജി ലാബിലേക്ക് അയച്ച നിപ രോഗലക്ഷണമുള്ള എട്ടുപേരുടെ സാംപിളുകൾ നെഗറ്റീവ്. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കളും രോഗലക്ഷണങ്ങളുള്ള ആരോഗ്യപ്രവർത്തകരുമടക്കമുള്ള എട്ടു പേരുടെ മൂന്ന് വീതം സാംപിളുകളാണ് വൈറോളജി ലാബിലേക്ക് അയച്ചത്. വളരെ അടുത്ത സമ്പർക്കമുള്ളവർക്ക് നെഗറ്റീവാണെന്നുള്ളത് ആശ്വാസകരമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.

കൂടുതൽ സാംപിളുകൾ ഇന്ന് തന്നെ പരിശോധിക്കാൻ സാധിക്കും. കോഴിക്കോട്, ചാത്തമംഗലം പാഴൂർ മുന്നൂരിലെ തെങ്ങുകയറ്റത്തൊഴിലാളിയായ വായോളി അബൂബക്കറിന്റെയും ഉമ്മിണിയിൽ വാഹിദയുടെയും ഏകമകൻ മുഹമ്മദ് ഹാഷിം (12) ആണ് നിപ ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. മുഹമ്മദ് ഹാഷിമിന്റെ സമ്പർക്കപ്പട്ടികയിൽ 251 പേർ ഉൾപ്പെട്ടതായി മന്ത്രി വീണാ ജോർജ് പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു. സമ്പർക്കപ്പട്ടികയിലുള്ളവരിൽ 129 പേർ ആരോഗ്യപ്രവർത്തകരാണ്. 38 പേർ ഐസൊലേഷൻ വാർഡിലാണ്. ഉയർന്ന സാധ്യതയുള്ള 54 പേരാണുള്ളത്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ എൻ ഐ ഡി പുണെയുടേയും മെഡിക്കൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച ലാബിൽ അഞ്ച് സാംപിളുകൾ പരിശോധിക്കുന്നുണ്ട്. അതിന്റെ ഫലം ലഭിക്കാൻ കുറച്ചുകൂടി സമയമെടുക്കും.

ഹൈ റിസ്ക് വിഭാഗത്തിലുള്ള 48 പേരാണ് മെഡിക്കൽ കോളേജിലുള്ളത്. ഇതിൽ 8 പേരുടെ സാംപിളുകൾ പരിശോധിച്ചു. അഞ്ച് പേരുടെ പരിശോധിക്കുന്നുണ്ട്. കുറച്ചു പേരുടെ സാംപിളുകൾ ഇതിന് മുമ്പ് പുണെയിലേക്ക് അയച്ചിരുന്നു. മുഴുവൻ പേരുടേയും സാംപിളുകൾ പരിശോധിക്കാൻ സധിക്കുമെന്നും മന്ത്രി പറഞ്ഞു.

മൃഗസംരക്ഷണവകുപ്പ് സംഘം പ്രദേശത്തുനിന്ന് റമ്പൂട്ടാൻ പഴങ്ങൾ ശേഖരിച്ചിട്ടുണ്ട്. വവ്വാലുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിയുടെ വീട്ടിലുള്ള ആടിന്റെ ശ്രവങ്ങളും ശേഖരിച്ചു. വിദഗ്ധപരിശോധയ്ക്ക് ഭോപാലിൽനിന്നുള്ള എൻ ഐ വി സംഘം ബുധനാഴ്ച എത്തും. ചാത്തമംഗലം ഗ്രാമപ്പഞ്ചായത്ത് മുഴുവനായും മുക്കം മുനിസിപ്പാലിറ്റി, കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളിലെ ചാത്തമംഗലം പഞ്ചായത്തിനോട് ചേർന്നുകിടക്കുന്ന മൂന്നു കിലോമീറ്ററിലുള്ള വാർഡുകളിലും കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

Related Posts