റീഹാബ് എക്‌സ്പ്രസുമായി നിപ്മര്‍

ഒരു ലോ ഫ്‌ളോര്‍ എ സി ബസില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനയോ? ഞെട്ടണ്ട.. എന്റെ കേരളം മെഗാ മേളയില്‍ ഈ സേവനവും ലഭ്യമാണ്. ഭിന്നശേഷിക്കാര്‍ക്കായി കേരളസാമൂഹ്യസുരക്ഷാമിഷന്റെ സഹായത്തോടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍ അഥവാ നിപ്മറിന്റെ സൗജന്യസേവനമായ റിഹാബ് എക്‌സ്പ്രസാണ് മേളയില്‍ സാന്നിധ്യമറിയിച്ചിരിക്കുന്നത്. ഒരു ലോ ഫ്‌ലോര്‍ എ.സി ബസ്സില്‍ ഡോക്ടര്‍മാരുടെ വിദഗ്ധ സേവനം, ഫിസിയോ തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി, ബിഹേവിയറല്‍ തെറാപ്പി, പ്രോസ്തെറ്റിക് അസസ്മെന്റ് ഉള്‍പ്പെടെയുള്ള ചികിത്സാ സേവനങ്ങള്‍ റീഹാബ് എക്സ്പ്രസില്‍ ലഭിക്കും.
കുട്ടികളുടെ വളര്‍ച്ചാ പ്രശ്‌നങ്ങള്‍ പരിശോധിച്ച് ചികിത്സ നല്‍കുന്നതിനും സൗകര്യമുണ്ട്. മേളയിലെത്തുന്ന സെറിബ്രല്‍ പാഴ്സി, ഓട്ടിസം, ഡൗണ്‍സിന്‍ഡ്രോം തുടങ്ങിയ ബാധിച്ച കുട്ടികളിലെ രോഗങ്ങളുടെ നിര്‍ണയവും ചികിത്സയും സൗജന്യമായാണ് നടത്തുന്നത്. തെറാപ്പി സൗകര്യമില്ലാത്ത മേഖലകളിലെ കുട്ടികള്‍ക്ക് വളരെയധികം പ്രയോജനകരമാണ് റീഹാബിന്റെ സേവനങ്ങള്‍. എന്റെ കേരളം മേളയില്‍ വരുന്നവര്‍ സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ സ്റ്റാളില്‍ വന്നു ബുക്ക് ചെയ്താല്‍ സമയത്തിനനുസരിച്ച് റീഹാബ് എക്‌സ്പ്രസ്സില്‍ സേവനങ്ങള്‍ ലഭ്യമാകും.