ഓട്ടിസം ബാധിതർക്കായി വേനൽക്കാല ക്യാംപ് ഒരുക്കി നിപ്മെർ
ഓട്ടിസം ബാധിതർക്ക് ശാസ്ത്രീയമായ പരിശീലനം നൽകണം: മന്ത്രി. ഡോ. ആർ ബിന്ദു

ഓട്ടിസം ബാധിതരായ കുട്ടികൾക്ക് ശാസ്ത്രീയമായ പരിശീലനം നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു അഭിപ്രായപ്പെട്ടു. ഓട്ടിസം ബാധിതർക്കായി നിപ്മെറും ഓട്ടിസം ക്ലബ്ബും ചേർന്ന് നടത്തിവേനൽക്കാല ക്യാംപ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഭിന്നശേഷിക്കാർക്ക് വേണ്ടി തടസരഹിത കേരളം എന്ന പദ്ധതിയാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്. അവർക്കായി കൂടുതൽ ഇടങ്ങൾ ഒരുക്കാനാണ് സർക്കാരും സന്നദ്ധ സംഘടനകളും ശ്രമിക്കുന്നത്. ഓട്ടിസ്റ്റിക്കായ ഓരോ കുട്ടിക്കും പ്രത്യേക പരിചരണം ആവശ്യമാണ്. ഓട്ടിസം ബാധിച്ചവരെ പരിചരിക്കുന്ന മാതാപിതാക്കൾക്കായി നാല് പുനരധിവാസ കേന്ദ്രങ്ങൾ സർക്കാർ ആലോചിക്കുന്നു. സ്നേഹപൂർണമായ സമീപനമാണ് ഇത്തരം ക്യാംപുകളിൽ വേണ്ടത്.
നിപ്മറും നിഷും ഭിന്നശേഷി പുനരധിവാസ മേഖലയിൽ മികച്ച സംഭാവനകൾ നൽകുന്ന സ്ഥാപനങ്ങളാണ്. തനിച്ചല്ല നിങ്ങൾ ഒപ്പമുണ്ട് ഞങ്ങൾ എന്ന സർക്കാരിന്റെ നയം പോലെ ഓട്ടിസം ബാധിതർക്ക് എല്ലാവിധ പിന്തുണയും വകുപ്പിന്റെ ഭാഗത്ത് നിന്നും നൽകും. ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ, ജോലികൾ എന്നിവ ചെയ്യുന്നതിന് രക്ഷിതാക്കൾ അവർക്ക് ശാസ്ത്രീയമായ പരിശീലനം നൽകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഏപ്രിൽ 29 മുതൽ മെയ് 7 വരെയാണ് ക്യാംപ്. കൂട്ട് കൂടാം കൂടെച്ചേരാം എന്നതാണ് ക്യാമ്പിന്റെ ആപ്തവാക്യം. കുട്ടികളെ നോക്കുന്ന രക്ഷിതാക്കൾക്കുള്ള പരിശീലനം, ക്ലാസുകൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു. സംസ്ഥാന തലത്തിൽ ബെസ്റ്റ് ഇന്നവേഷൻ അവാർഡ് നേടിയ എം എൽ ഷോബിയെ ചടങ്ങിൽ ഉപഹാരം നൽകി മന്ത്രി ആദരിച്ചു.
എക്സിക്യുട്ടീവ് ഡയറക്ടർ സി ചന്ദ്രബാബു അധ്യക്ഷനായ ചടങ്ങിൽ ഡോ. നിമ്മി ജോസഫ്, ഡോ. സി പി അബൂബക്കർ, അഡ്മിനിസ്ട്രേഷൻ ഓഫിസർ ജോൺസൺ തുടങ്ങിവർ ചടങ്ങിൽ സന്നിഹിതരായി. ഹബീബ് ഇമ്മൻ സ്വാഗതവും സി ജസ്നി നന്ദിയും രേഖപ്പെടുത്തി.