പാർലമെൻ്റിൽ ജമ്മു കശ്മീർ ബജറ്റ് അവതരിപ്പിച്ച് നിർമല സീതാരാമൻ; 800-ലേറെ കേന്ദ്ര നിയമങ്ങൾ സംസ്ഥാനത്തിന് ബാധകമെന്ന് ധനമന്ത്രി
2022-23 വർഷത്തേക്കുള്ള ജമ്മു കശ്മീർ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിച്ചു. 1.42 ലക്ഷം കോടി രൂപയുടേതാണ് വരും വർഷത്തേക്കുള്ള ബജറ്റ്. അനുച്ഛേദം 370 റദ്ദാക്കിയ സാഹചര്യത്തിൽ 890 കേന്ദ്ര നിയമങ്ങൾ സംസ്ഥാനത്തിന് ബാധകമാണെന്ന് ധനമന്ത്രി സഭയിൽ പറഞ്ഞു.
70 വർഷത്തിലേറെയായി ജമ്മു കശ്മീരിലെ ജനങ്ങൾക്ക് നിഷേധിക്കപ്പെട്ടത് അവർക്ക് നൽകുമെന്ന് പ്രതിപക്ഷ ബഹളത്തിനിടയിൽ ധനമന്ത്രി പറഞ്ഞു. അനുച്ഛേദം 370 റദ്ദാക്കിയതോടെ ഭരണഘടനാ ശിൽപ്പി ഡോ. ബി ആർ അംബേദ്കർ വിഭാവനം ചെയ്ത എസ് സി, എസ് ടി നിയമങ്ങൾ കശ്മീരിലെ ജനങ്ങൾക്കും ലഭ്യമായി.
ജമ്മു കശ്മീരിൽ 1,198 സ്റ്റാർടപ്പുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതുവരെ 200-ലധികം സ്റ്റാർടപ്പുകൾക്ക് ധനസഹായം ലഭ്യമാക്കി. കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ എമർജൻസി ക്രെഡിറ്റ് ഗ്യാരന്റി സ്കീമിന് കീഴിൽ എം എസ് എം ഇ യൂണിറ്റുകൾക്ക് 143 കോടി രൂപ നൽകിയതായും ധനമന്ത്രി സഭയെ അറിയിച്ചു.