നിവിന്‍ പോളിയുടെ 'മഹാവീര്യര്‍' ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു
മലയാള സിനിമയിലെ യുവതാരങ്ങളിൽ തെരഞ്ഞെടുപ്പിന്‍റെ കാര്യത്തില്‍ വൈവിധ്യം കൊണ്ടുവരുന്ന നടനാണ് നിവിൻ പോളി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ അദ്ദേഹത്തിന്‍റെ മഹാവീര്യർ ഇതിന് ഉദാഹരണമാണ്. എം മുകുന്ദന്‍റെ കഥയെ ആസ്പദമാക്കി എബ്രിഡ് ഷൈൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത മാഹാവീര്യർ പ്രമേയത്തിലും അവതരണത്തിലും വളരെ വൈവിധ്യമാർന്ന ചിത്രമായിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ പ്ലാറ്റ്ഫോമായ സൺനെക്സ്റ്റിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രം ഫെബ്രുവരി 10ന് സ്ട്രീമിംഗ് ആരംഭിക്കും. സ്വാമി അപൂര്‍ണാനന്ദന്‍ എന്ന നിഗൂഢ കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിച്ചത്. പോളി ജൂനിയർ പിക്ചേഴ്സിന്‍റെയും ഇന്ത്യൻ മൂവി മേക്കേഴ്സിന്‍റെയും ബാനറിൽ നിവിൻ പോളിയും പി എസ് ഷംനാസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ലാൽ, ലാലു അലക്സ്, സിദ്ദിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണപ്രസാദ്, പദ്മരാജ് രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി.അമ്പു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.