കള്ളന്മാർക്കും കള്ള ലക്ഷണമുള്ളവർക്കും അഭിനയിക്കാൻ അവസരം; കിടു കാസ്റ്റിങ്ങ് കോളുമായി 'ന്നാ താൻ കേസ് കൊട് '
കള്ളന്മാർക്കും കള്ള ലക്ഷണമുള്ളവർക്കും അഭിനയിക്കാൻ അവസരം; കിടു കാസ്റ്റിങ്ങ് കോളുമായി 'ന്നാ താൻ കേസ് കൊട് '
കുഞ്ചാക്കോ ബോബൻ നായകനാവുന്ന 'ന്നാ താൻ കേസ് കൊട് ' എന്ന ചിത്രത്തിൻ്റെ കാസ്റ്റിങ്ങ് കോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. കള്ളൻ, പൊലീസ്, വക്കീൽ, ഓട്ടോ ഡ്രൈവർ, അംഗനവാടി ടീച്ചർ, റിട്ടയേഡ് പി ഡബ്ല്യു ഡി എഞ്ചിനീയർ തുടങ്ങി ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്താൻ തയ്യാറാക്കിയ രസകരമായ പരസ്യമാണ് സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായത്.
കാസർകോഡ്-കണ്ണൂർ-കോഴിക്കോട് ജില്ലക്കാരായ, മേൽപ്പറഞ്ഞ ഏതെങ്കിലും വിഭാഗത്തിൽ ഉൾപ്പെടുന്നു എന്ന് സ്വയം തോന്നുന്നവരോ നാട്ടുകാർ ആരോപിക്കുന്നവരോ ആയിട്ടുള്ളവർ ഒരു മിനിറ്റിൽ കവിയാത്ത വീഡിയോയും കളർ ഫോട്ടോയും അയച്ചുകൊടുക്കണം എന്ന വാചകങ്ങളാണ് പോസ്റ്ററിനെ ഇൻസ്റ്റൻ്റ് ഹിറ്റാക്കിയത്.
2 കള്ളന്മാർക്കും 8 പൊലീസുകാർക്കും 16 വക്കീലന്മാർക്കും അവസരമുണ്ട്.
20 തൊഴിൽ രഹിതർക്കും ഏതെങ്കിലും കേസിൽ കോടതി കേറിയ 20 പേർക്കും അപേക്ഷിക്കാം.
മുഖ്യമന്ത്രി, മന്ത്രിയും ഭാര്യയും, വിദേശത്തു പഠിച്ച നാട്ടിൻ പുറത്തുകാരൻ, മജിസ്ട്രേറ്റ്, ബെഞ്ച് ക്ലർക്ക്, ഷട്ടിൽ കളിക്കാർ, ബൈക്കർ തുടങ്ങി വൈവിധ്യമാർന്ന വേഷങ്ങളിലേക്കാണ് കാസ്റ്റിങ് കോൾ നടത്തിയിട്ടുള്ളത്.
കള്ളന്മാർക്കും പൊലീസുകാർക്കും പുറമേ നിരപരാധികൾക്കും അവസരം നൽകുന്ന കാസ്റ്റിങ് കോളിന് ഇതിനോടകം വലിയ പ്രചാരം ലഭിച്ചു കഴിഞ്ഞു.
മലയാളത്തിൽ, ഒരു പക്ഷേ ഇന്ത്യയിൽത്തന്നെ, ആദ്യമായാണ് കള്ളന്മാർക്കും കള്ള ലക്ഷണമുളളവർക്കും ഏതെങ്കിലും കേസിൽ കോടതി കയറിയവർക്കുമെല്ലാം സിനിമയിൽ അഭിനയിക്കാൻ അവസരമൊരുങ്ങുന്നത്. ലോകത്തുതന്നെ ഇത്തരമൊരു കാസ്റ്റിങ് കോൾ ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമുണ്ട്. സിനിമയുടെ പ്രൊമോഷൻ ടീമിൻ്റെ മികവ് കാസ്റ്റിങ് കോൾ തയ്യാറാക്കിയതിൽ തന്നെ പ്രകടമാണ്. ഏറെ ജനശ്രദ്ധ പിടിച്ചു പറ്റാൻ ഇതിലൂടെ കഴിയും.
കുഞ്ചാക്കോ ബോബനും മറ്റ് അണിയറ പ്രവർത്തകരും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്ററിന് രസകരമായ പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അഭിനയിച്ചല്ല, ജീവിച്ചുതന്നെ കാണിക്കാം എന്നാണ് ചില അഭിനയ മോഹികളുടെ കിടിലൻ ഓഫർ. കള്ളനല്ലെങ്കിലും നല്ല കള്ളലക്ഷണമുണ്ട്, അത് മതിയോ എന്ന് ഒരു വിരുതൻ ചോദിക്കുന്നു. തൊഴിൽ രഹിതരാവാൻ 20 അല്ല, 2000 പേർ റെഡിയാണ് എന്നാണ് ഒരു കമൻ്റ്. പടത്തിൽ അഭിനയിക്കാൻ ചാൻസ് തന്നാൽ, ആരുടെയെങ്കിലും മാല പൊട്ടിച്ച് ജയിലിൽ പോകാനും റെഡിയാണ് തുടങ്ങിയ അടാറ് ഡയലോഗുകളും കമൻ്റ് ബോക്സിൽ കാണാം.
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ് ചിത്രത്തിൻ്റെ സംവിധായകൻ. "ഫ്രം ആൻഡ്രോയ്ഡ് വേർഷൻ റ്റു നാടൻ വേർഷൻ" എന്ന അടിക്കുറിപ്പോടെ നേരത്തേ കുഞ്ചാക്കോ ബോബൻ ഷെയർ ചെയ്ത ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്ററും ഏറെ ശ്രദ്ധേയമായിരുന്നു. വിനയ് ഫോർട്ട്, ഗായത്രി ശങ്കർ, സൈജു കുറുപ്പ്, ജാഫർ ഇടുക്കി തുടങ്ങിയവരും ചിത്രത്തിലുണ്ട്.