പരാതികളും പരിഭവവുമില്ല; നന്മയുടെ ഊണ് വിളമ്പി സഹോദരിമാർ

താനൂര്‍: സർക്കാരിൽ നിന്ന് വായ്പയും, സബ്സിഡിയുമൊന്നുമില്ല, എന്നാലും അതൊന്നും കാര്യമാക്കാതെ വിശന്നു വലഞ്ഞ് എത്തുന്ന എല്ലാവർക്കും കുടുംബശ്രീ ഹോട്ടലുകൾക്ക് സാമാനമായി 20 രൂപക്ക് ഊണ് വിളമ്പുകയാണ് ഈ സഹോദരിമാർ. താനാളൂർ ഒ.കെ പാറയിൽ സ്പന്ദനം കുടുംബശ്രീ അംഗങ്ങളായ എ.സൈനബ, കെ.ആരിഫ, എ.സഹീറ, കെ.സൈഫുന്നിസ എന്നിവർ ഒരു വർഷത്തിലേറെയായി ഈ സ്നേഹ സംരഭത്തിന്റെ ഭാഗമാണ്. താനാളൂർ അങ്ങാടിയുടെ പ്രദേശത്തുള്ള നൂറോളം ആളുകൾക്കാണ് ഈ സംരഭം വലിയൊരു അനുഗ്രഹമാകുന്നത്. കൂട്ട്കറി, ഉപ്പേരി, പപ്പടം, അച്ചാർ, രണ്ട് കറികൾ എന്നിവയാണ് 20 രൂപ ഊണിലെ വിഭവങ്ങൾ. സംരഭത്തിന്റെ വാർഷികത്തോടനുബന്ധിച്ച് 2021 ഡിസംബർ 31 ന് ഭക്ഷണം സൗജന്യമായിരുന്നു. സർക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയിലേക്ക് അപേക്ഷ നൽകിയെങ്കിലും പ്രദേശത്ത് ഇതേ പദ്ധതിയുടെ ഭാഗമായി മറ്റൊരു സംരഭമുള്ളതിനാൽ പരിഗണിക്കപ്പെട്ടില്ല. എന്നാലും വിലവർധനയോടും, ജീവിത പ്രതിസന്ധികളോടും മല്ലിട്ട് തൊഴിലാളികൾക്കും മറ്റും അന്നം വിളമ്പുന്ന ഇവർ നാടിന് തന്നെ അഭിമാനമാണ്. ഓർഡർ പ്രകാരം വീടുകളിലേക്കും, ജോലി സ്ഥലങ്ങളിലേക്കും ഭക്ഷണം എത്തിക്കാനും സാധിക്കുന്നു.

Related Posts