ഈ ഫോട്ടോയ്ക്ക് ഫിൽറ്റർ വേണ്ട, വിരാടിന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായി അനുഷ്കയുടെ കുറിപ്പ്

പിറന്നാൾ ദിനത്തിൽ വിരാട് കോലിക്ക് ഹൃദയത്തിൽ തൊടുന്ന ആശംസകളുമായി പങ്കാളി അനുഷ്ക ശർമ. ദമ്പതികൾ ഇരുവരും ആഹ്ലാദത്തോടെ ആലിംഗനം ചെയ്ത് നിൽക്കുന്ന ഫോട്ടോയാണ് അനുഷ്ക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഈ ഫോട്ടോയ്ക്കും നിങ്ങളുടെ ജീവിത രീതിക്കും ഫിൽറ്ററിന്റെ ആവശ്യമില്ല എന്ന വാക്കുകളോടെയാണ് താരത്തിന്റെ കുറിപ്പ് തുടങ്ങുന്നത്.
നിങ്ങളുടെ കാതൽ സത്യസന്ധത കൊണ്ടും മനക്കരുത്തു കൊണ്ടും നിർമിച്ചതാണ്. സംശയത്തെ വിസ്മൃതിയിലേക്ക് തള്ളിവിടുന്ന അസാമാന്യ ധൈര്യമാണ് താങ്കളുടേത്. ഇരുണ്ട ഇടങ്ങളിൽനിന്ന് ഉയർന്നുവരാൻ താങ്കളെപ്പോലെ കഴിവുള്ള മറ്റാരുമില്ല. താങ്കളിലെ കഴിവുകൾ എല്ലാ വിധത്തിലും മെച്ചപ്പെടും. കാരണം മാറ്റങ്ങൾക്കായാണ് താങ്കൾ നിലകൊള്ളുന്നത്. നിർഭയനാണ് കോലി എന്ന് അനുഷ്ക തന്റെ പോസ്റ്റിൽ തറപ്പിച്ച് പറയുന്നു.
സോഷ്യൽ മീഡിയയിലൂടെ പരസ്പരം സംസാരിക്കുന്നവരല്ല കോലിയും താനുമെന്ന് അനുഷ്ക പറയുന്നുണ്ട്. പക്ഷേ എത്ര വിസ്മയകരമായ വ്യക്തിത്വമാണ് കോലിയുടേതെന്ന് ഈ ലോകത്തോട് ഉച്ചത്തിൽ വിളിച്ചു പറയാൻ ചിലപ്പോഴൊക്കെ താൻ ആഗ്രഹിക്കാറുണ്ട്. കോലിയെ ശരിക്കും മനസ്സിലാക്കിയവർ ഭാഗ്യവാന്മാരാണെന്ന് താരം പറയുന്നു. ജീവിതത്തിൽ എല്ലാം തെളിച്ചമുള്ളതും മനോഹരവുമാക്കിയതിന് നന്ദി പറഞ്ഞു കൊണ്ടും ഹൃദ്യമായ ജന്മദിനാശംസകൾ നേർന്നുകൊണ്ടുമാണ് അനുഷ്കയുടെ കുറിപ്പ് അവസാനിക്കുന്നത്.