'മൂണ്‍ലൈറ്റിങ് വേണ്ട'; ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നൽകി ഇന്‍ഫോസിസ്
ന്യൂഡല്‍ഹി: ഐടി ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി ഇൻഫോസിസ്. ഇൻഫോസിസിൽ ജോലി ചെയ്യുന്നതിന് പുറമേ, മറ്റ് ബാഹ്യ ജോലികൾ (മൂൺലൈറ്റിംഗ്) ഏറ്റെടുക്കുന്നതിൽ നിന്ന് ജീവനക്കാരെ വിലക്കിക്കൊണ്ട് കമ്പനിയുടെ എച്ച്ആർ വിഭാഗം ജീവനക്കാർക്ക് മുന്നറിയിപ്പ് ഇമെയിൽ അയച്ചു. അത്തരം 'മൂൺലൈറ്റിംഗ്' അല്ലെങ്കിൽ ഔട്ട്സോഴ്സിംഗ് പിരിച്ചുവിടൽ ഉൾപ്പെടെയുള്ള അച്ചടക്ക നടപടികളിലേക്ക് നയിച്ചേക്കാം. കമ്പനിയിലെ പതിവ് ജോലി സമയത്തിന് ശേഷം, ചില നിബന്ധനകൾക്ക് അനുസൃതമായി മറ്റൊരു ജോലി ചെയ്യുന്ന രീതിയാണ് മൂൺലൈറ്റിംഗ്. ഒരു മാസം മുമ്പ് വിപ്രോ ചെയർമാൻ റിഷാദ് പ്രേംജിയും മൂൺലൈറ്റിംഗ് സംവിധാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ പുറത്ത് നിന്ന് മറ്റൊരു ജോലി ഏറ്റെടുക്കാൻ അനുവദിക്കുന്ന മൂൺലൈറ്റിംഗ് സമ്പ്രദായത്തെ അദ്ദേഹം വഞ്ചന എന്നാണ് വിശേഷിപ്പിച്ചത്. സാധാരണ ജോലി സമയത്തോ അതിനുശേഷമോ മറ്റേതെങ്കിലും ബാഹ്യ ജോലികൾ ഏറ്റെടുക്കരുതെന്ന് ഇൻഫോസിസ് ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. ഇരട്ട തൊഴിൽ സമ്പ്രദായത്തെ ശക്തമായി നിരുത്സാഹപ്പെടുത്തുന്നുവെന്നും കമ്പനി വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.