കെഎസ്ആർടിസിയിൽ ഇനി ശ്രദ്ധ തിരിക്കുന്ന പരസ്യങ്ങൾ പതിക്കില്ല; പരിശോധനക്ക് പ്രത്യേക സമിതി
ന്യൂഡല്‍ഹി: മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരുടെയും കാൽനട യാത്രക്കാരുടെയും ശ്രദ്ധ തിരിക്കുന്ന പരസ്യങ്ങൾ ഇനി മുതൽ ബസുകളിൽ പതിക്കില്ലെന്ന് കെ.എസ്.ആർ.ടി.സി. പരസ്യങ്ങൾ പരിശോധിച്ച് അനുമതി നൽകാൻ എം.ഡിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും. പരസ്യങ്ങൾക്കെതിരായ പരാതി പരിശോധിക്കാൻ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ മറ്റൊരു സമിതി രൂപീകരിക്കുമെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു. പരസ്യം പതിക്കുന്നതിനുള്ള പുതിയ പദ്ധതി കെ.എസ്.ആർ.ടി.സി ഇന്ന് സുപ്രീംകോടതിക്ക് കൈമാറും. ബസുകളിൽ പരസ്യം പതിക്കുന്നതിനുള്ള പുതിയ പദ്ധതി കൈമാറാൻ കെ.എസ്.ആർ.ടി.സിക്ക് സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് തയ്യാറാക്കിയ പദ്ധതിയിൽ പരസ്യം പതിക്കുന്നതിന് ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് അംഗീകരിക്കുന്നതിന് എം.ഡിയുടെ അധ്യക്ഷതയിൽ നാലംഗ സമിതിയെ നിയോഗിക്കും. കെ.എസ്.ആർ.ടി.സി ചീഫ് ലോ ഓഫീസർ, സീനിയർ മാനേജർ എന്നിവരെ കൂടാതെ ടെക്നിക്കൽ അംഗവും സമിതിയിൽ ഉൾപ്പെടും. ഡെപ്യുട്ടി ഡയറക്ടര്‍ തസ്തികയില്‍ നിന്ന് വിരമിച്ച ഐ & പിആര്‍ഡി ഡയറക്ടറോ മാധ്യമ പ്രവര്‍ത്തകരോ ആവും സാങ്കേതിക സമിതി അംഗം. മോട്ടോർ വാഹന ചട്ടങ്ങൾ പാലിച്ച് ബസുകളുടെ വശങ്ങളിലും പിൻഭാഗത്തും മാത്രമേ പരസ്യങ്ങൾ പതിക്കുന്നുള്ളൂവെന്ന് സമിതി ഉറപ്പാക്കും. പരസ്യവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികൾ പരിശോധിക്കാൻ പ്രത്യേക സെൽ രൂപീകരിക്കും. സർക്കാർ സുപ്രീം കോടതിക്ക് കൈമാറിയ പദ്ധതിയിൽ സമിതി സമയബന്ധിതമായി പരാതികൾ തീരുമാനിക്കുമെന്നാണ് വിശദീകരണം.