പി.ടി 7 അല്ല ഇനി 'ധോണി'; കുങ്കിയാനയാക്കാനുള്ള പരിശീലനം ഉടൻ ആരംഭിക്കും
പാലക്കാട്: പാലക്കാട്ടെ ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തിയ ഒറ്റയൻ പി.ടി7 നെ (പാലക്കാട് ടസ്കർ 7) കുങ്കിയാനമാക്കി മാറ്റുമെന്ന് ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ അരുൺ സഖറിയ. കുങ്കിയാന ആക്കാനുള്ള പരിശീലനം ഉടൻ ആരംഭിക്കും. പിടി 7 നെ പിടികൂടാനുള്ള 'മിഷൻ പിടി 7' വെല്ലുവിളി നിറഞ്ഞതായിരുന്നെന്നും അരുൺ സഖറിയ പറഞ്ഞു. അതേസമയം, പിടി ഏഴാമന്‍റെ പേര് 'ധോണി' എന്നാക്കി മാറ്റി. ഇന്ന് രാവിലെ കാട്ടിൽ നിന്ന് മയക്കുവെടിയേറ്റ ആനയെ മുത്തങ്ങയിൽ നിന്ന് കൊണ്ടുവന്ന കുങ്കി ആനകളായ വിക്രം, ഭരതൻ, സുരേന്ദ്രൻ എന്നിവരുടെ സഹായത്തോടെയാണ് ലോറിയിലാക്കി സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ കൂട്ടിൽ ഇട്ടത്. കഴിഞ്ഞ ഏഴ് മാസമായി പിടി 7 ധോണിയിലെ പ്രദേശവാസികൾക്ക് പേടിസ്വപ്നമായിരുന്നു. കഴിഞ്ഞ വർഷം ജൂലൈ എട്ടിന് പ്രഭാത സവാരിക്കിടെ പ്രദേശവാസിയായ ശിവരാമനെ കൊന്ന ആന നിരവധി കൃഷിയിടങ്ങൾ നശിപ്പിച്ചിരുന്നു. പി.ടി ഏഴാമനെ പിടികൂടാൻ മാസങ്ങൾക്ക് മുമ്പ് തീരുമാനമെടുത്തിരുന്നെങ്കിലും പിന്നീട് വനംവകുപ്പ് നിലപാട് മാറ്റുകയായിരുന്നു. ജനരോഷം ശക്തമായതോടെയാണ് ആനയെ പിടിക്കാൻ ദൗത്യസംഘം പുറപ്പെട്ടത്.