ബിവറേജസ് ഷോപ്പുകളിൽ ഇനി ക്യൂ നിൽക്കേണ്ട; എല്ലാ ഷോപ്പുകളും ‘വാക്ക് ഇന്‍’
തിരുവനന്തപുരം ∙ ബിവറേജസ് കോർപറേഷന്റെ ഔട്ട്ലറ്റുകളിലെല്ലാം ഓഗസ്റ്റ് ഒന്നിനു മുൻപായി വാക്ക് ഇൻ സംവിധാനം നടപ്പാക്കണമെന്ന് എംഡിയുടെ നിർദേശം. വീഴ്ച വരുത്തിയാൽ റീജനൽ മാനേജർമാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. ഹൈക്കോടതി നിർദേശത്തെത്തുടർന്നാണ് ഷോപ്പുകൾ വോക്ക് ഇൻ സംവിധാനത്തിലേക്കു മാറുന്നത്. ക്യൂ നിൽക്കാതെ ഇഷ്ടമുള്ള മദ്യം വാങ്ങാൻ ഇതോടെ ഉപഭോക്താവിനു കഴിയും.
കോർപറേഷന്റെ 267 വിൽപനശാലകളിൽ 163 എണ്ണത്തിലാണ് വാക്ക് ഇൻ സംവിധാനം ഇല്ലാത്തത്. മാനേജർമാർ നൽകിയ റിപ്പോർട്ട് അനുസരിച്ച്, 49 ചില്ലറ വിൽപനശാലകളിൽ ഇത് നിലവിലെ കെട്ടിടത്തിൽത്തന്നെ സ്ഥാപിക്കാം.ഇതിൽ 8 വിൽപനശാലകൾ 2000 ചതുരശ്രഅടിയിൽ കുറവുള്ള കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നതിനാൽ അവിടെ വാക്ക് ഇൻ സംവിധാനം ഒരിക്കൽകൂടി പരിശോധിച്ച് നടപ്പിലാക്കാൻ നിർദേശിച്ചിട്ടുണ്ട്.
163 വിൽപനശാലകളിൽ 80 എണ്ണം 2000 ചതുരശ്രഅടിയിൽ കുറവുള്ള കെട്ടിടത്തിലായതിനാൽ ഈ സംവിധാനം നടപ്പിലാക്കുന്നതിന് പരിമിതികളുണ്ടെന്നാണ് കോർപറേഷന്റെ വിലയിരുത്തൽ. നിലവിലുള്ള കെട്ടിടത്തോട് ചേർന്ന് അധികസൗകര്യം ലഭ്യമാണെങ്കിൽ അതുപയോഗിച്ച് സൗകര്യം ഏർപ്പെടുത്താന്‍ നിർദേശം നൽകിയിട്ടുണ്ട്. അധികം സ്ഥലസൗകര്യം ഇല്ലാത്ത കെട്ടിടമാണെങ്കിൽ അനുയോജ്യമായ മറ്റൊരു കെട്ടിടം കണ്ടെത്തണം.
2000 സ്ക്വയർ ഫീറ്റിനു താഴെയുള്ള 6 ചില്ലറ വിൽപനശാലകളിൽ വാക്ക് ഇന്‍ സംവിധാനം ഉള്ളതായാണ് കോർപറേഷനു ലഭിച്ച റിപ്പോർട്ട്. ഇത് അപര്യാപ്തമായതിനാൽ കൂടുതൽ സ്ഥലം ലഭ്യമാക്കാനോ മാറ്റി സ്ഥാപിക്കാനോ നിർദേശിച്ചിട്ടുണ്ട്. 2000 ചതുരശ്ര അടിക്കു മുകളിൽ വിസ്തീർണമുള്ള 42 ചില്ലറ വിൽപനശാലകളിൽ വോക്ക് ഇൻസംവിധാനം ഇല്ല എന്നാണ് കോർപറേഷന്റെ റിപ്പോർട്ട്. നിലവിലെ കെട്ടിടത്തിലോ മറ്റൊരു കെട്ടിടത്തിലോ സംവിധാനം സ്ഥാപിക്കാനാണ് നിർദേശം.
സെൽഫ് സർവീസ് മാതൃകയിലല്ലാത്ത ബില്ലിങ് കൗണ്ടറുകൾ പ്രവർത്തിക്കുന്നിടത്തോളം കാലം ഉപഭോക്താക്കളെ കെട്ടിടത്തിനുള്ളിൽ തന്നെ നിർത്തി ക്യൂ ഇല്ലാത്ത രീതിയിൽ മദ്യം നൽകുന്നതിനു സൗകര്യം ഉണ്ടാക്കണമെന്ന് കെട്ടിടത്തിനുള്ളിൽ തന്നെ നിർത്തി ക്യൂ ഇല്ലാത്ത രീതിയിൽ മദ്യം നൽകുന്നതിനു സൗകര്യം ഉണ്ടാക്കണമെന്ന് മാനേജർമാരോട് നിർദേശിച്ചിട്ടുണ്ട്. ബവ്റിജസ് ഷോപ്പിലെ ക്യൂ പൊതുജനങ്ങൾക്ക് പ്രശ്നമുണ്ടാകുന്നതായി കാട്ടിയുള്ള ഹർജിയിലാണ് വാക്ക് ഇൻ കൗണ്ടറുകൾ എത്രയും വേഗം സ്ഥാപിക്കാൻ ഹൈക്കോടതി നിർദേശിച്ചത്.