കാടിനെ അറിയാന്‍ കാത്തിരിപ്പ് വേണ്ട, ജംഗിള്‍സഫാരി ഇന്ന് മുതല്‍
കാടിനെ അറിഞ്ഞ് കാട്ടിലൂടെയുള്ള യാത്രയ്ക്കായി ഇനി കാത്തിരിപ്പ് വേണ്ട. അതിരപ്പിള്ളി, വാഴച്ചാല്‍, തുമ്പൂര്‍മുഴി ഡിഎംസി നടത്തിവന്നിരുന്ന മലക്കപ്പാറ ജംഗിള്‍ സഫാരി ഇന്ന് (സെപ്റ്റംബര്‍ 9) മുതല്‍. ചാലക്കുടി പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നിന്ന് രാവിലെ എട്ട് മണിക്കാണ് യാത്ര ആരംഭിക്കുക. കോവിഡ്മഹാമാരി മൂലം നിര്‍ത്തിവച്ചിരുന്ന യാത്രാ പാക്കേജാണ് പുനരാരംഭിക്കുന്നത്. നിലവില്‍ മലക്കപ്പാറ വരെ നടത്തിയിരുന്ന യാത്രയ്ക്ക് പുറമെ മൈലാടുംപാറ ഉള്‍പ്പെടുത്തി പുതിയ പാക്കേജ് ആരംഭിക്കാന്‍തീരുമാനിച്ചതായി സനീഷ്‌കുമാര്‍ ജോസഫ് എം എല്‍ എ അറിയിച്ചു.
90 കിലോമീറ്ററോളം നീണ്ട യാത്രയാണ് ജംഗിള്‍ സഫാരി. തുമ്പൂര്‍മുഴി, ശലഭോദ്യാനം, തൂക്കുപ്പാലംഅതിരപ്പിള്ളി, വാഴച്ചാല്‍, ചാര്‍പ്പ വെള്ളച്ചാട്ടങ്ങള്‍, പെരിങ്ങല്‍കുത്ത്, ഷോളയാര്‍ ഡാമുകള്‍, ആനക്കയം, മലക്കപ്പാറ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക്പുറമെയാണ് മൈലാടുംപാറ ഉള്‍പ്പെടുന്ന പുതിയ പാക്കേജ് ആരംഭിക്കുന്നത്. ഗൈഡിന്റെ സേവനം, ഭക്ഷണം, കുടിവെള്ളം, പ്രവേശന ടിക്കറ്റ് എന്നിവ അടങ്ങുന്ന പാക്കേജിന് 1200 രൂപയാണ് ഈടാക്കുന്നത്. രാത്രി 8.30ന് ചാലക്കുടിയില്‍ തിരികെ എത്തും വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. 04802769888,9497069888 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് പാക്കേജില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം.
തുമ്പൂര്‍മുഴിയില്‍ കര്‍ട്ടന്‍ഫാള്‍ വരുന്നു
തുമ്പൂര്‍മുഴി ശലഭോദ്യാനത്തില്‍ ഒരുക്കിയിട്ടുള്ള ജലധാരയും വെളിച്ചവും സമന്വയിപ്പിച്ചുള്ള കര്‍ട്ടന്‍ഫാള്‍ എന്നപുതിയ കാഴ്ചയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ഇന്ന് (സെപ്റ്റംബര്‍ 9 ) വൈകീട്ട് ആറ് മണിക്ക് നടത്തുമെന്ന് സനീഷ്‌കുമാര്‍ ജോസഫ് എം എല്‍ എ അറിയിച്ചു. അവധി ദിവസങ്ങളില്‍ മാത്രമാണ് ഈ സംവിധാനം പ്രവര്‍ത്തിപ്പിക്കുക. വൈകീട്ട് ആറ് മണി മുതല്‍ ഏഴ് മണി വരെയാണ് പ്രവര്‍ത്തന സമയം.