തെറ്റിനെ ആരും "ഗ്ലോറിഫൈ" ചെയ്യരുത്, ആര്യൻ ഖാനെ ആശ്വസിപ്പിച്ച ഹൃത്വിക് റോഷനെ "മാഫിയ" എന്ന് വിശേഷിപ്പിച്ച് കങ്കണ റണൗത്
ആര്യൻഖാൻ വിഷയത്തിൽ ഹൃത്വിക് റോഷനെതിരെ വിവാദ പരാമർശവുമായി കങ്കണ റണൗത്. ആര്യനെ ആശ്വസിപ്പിച്ചും ആത്മവിശ്വാസം പകർന്നു കൊടുത്തുമുള്ള ഹൃത്വിക് റോഷന്റെ തുറന്ന കത്തിനു പിന്നാലെയാണ് താരത്തെ 'മാഫിയ' എന്ന് വിശേഷിപ്പിക്കുന്ന കങ്കണയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി ഇറങ്ങിയത്.
ജീവിതം വിചിത്രമായ ഒരു യാത്രയാണെന്നും അനിശ്ചിതമായ യാത്രയിൽ കരുത്തുറ്റ വ്യക്തികളെയാണ് ദൈവം പരീക്ഷണത്തിനായി തിഞ്ഞെടുക്കുന്നത് എന്നുമാണ് ആര്യൻ ഖാനുള്ള കത്തിൽ ഹൃത്വിക് റോഷൻ പറയുന്നത്. ജീവിതത്തിന്റെ അനിശ്ചിതത്വത്തെ പറ്റിയും ജീവിത വഴികളിൽ നേരിടേണ്ട വെല്ലുവിളികളെ കുറിച്ചും കത്തിൽ സൂചിപ്പിക്കുന്നു. കരുത്തുറ്റ വ്യക്തികൾക്കു നേരെയേ ദൈവം കാഠിന്യമുള്ള പന്തുകൾ എറിയൂ. ദേഷ്യവും ആശയക്കുഴപ്പവും നിസ്സഹായതയുമെല്ലാം ഉള്ളിലുള്ള നായകനെ പുറത്തെടുക്കാനുള്ള ഉപാധികളാണ്. അതേ സമയം അവ നമ്മളിലുള്ള നന്മകളെ വറ്റിച്ചു കളഞ്ഞേക്കാം. തള്ളേണ്ടതിനെ തള്ളിയും കൊള്ളേണ്ടതിനെ കൊണ്ടും മുഴുവൻ വെല്ലുവിളികളേയും മറികടന്ന് മുന്നേറാനാണ് നടൻ ആര്യനെ ഉപദേശിക്കുന്നത്. കുഞ്ഞായിരുന്നപ്പോൾ മുതൽ ആര്യനെ തനിക്കറിയാം. മുഴുവൻ അനുഭവങ്ങളേയും സ്വീകരിക്കാനും ചെകുത്താന്റെ കണ്ണിൽ നോക്കി ശാന്തതയോടെ ഇരിക്കാനും നടൻ ഉപദേശിക്കുന്നു. പ്രകാശപൂർണമായ ഭാവിയിലേക്ക് ചിലപ്പോഴെല്ലാം ഇരുട്ടു നിറഞ്ഞ വഴിയിലൂടെ സഞ്ചരിക്കേണ്ടി വരും എന്ന ആശ്വാസ വാക്കുകളോടെയാണ് ഹൃത്വിക്കിന്റെ കത്ത് അവസാനിക്കുന്നത്.
ഹൃത്വിക്കിന്റെ കത്തു പുറത്തുവന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽത്തന്നെ കങ്കണ തന്റെ പ്രതികരണം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പ്രസിദ്ധീകരിച്ചു. ആർക്കും തെറ്റുപറ്റുമെന്നും തെറ്റുകളിൽ നിന്ന് പാഠം പഠിക്കുകയാണ് വേണ്ടതെന്നും കങ്കണ പറയുന്നു. തെറ്റിനെ ആരും "ഗ്ലോറിഫൈ'' ചെയ്യരുത്. എല്ലാ മാഫിയ പപ്പുമാരും ഇപ്പോൾ ആര്യനെ പ്രതിരോധിക്കാൻ രംഗത്തെത്തിയിട്ടുണ്ട് എന്ന് താരം പരിഹസിച്ചു. സ്വന്തം പ്രവൃത്തികളുടെ അനന്തരഫലങ്ങളെപ്പറ്റി ഉൾക്കാഴ്ചയുണ്ടാവാൻ ഇത്തരം അനുഭവങ്ങൾ സഹായിക്കണം. അനുഭവങ്ങളിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളണം. ആപത് ഘട്ടത്തിൽ ഒരാളെപ്പറ്റി അപവാദങ്ങൾ പ്രചരിപ്പിക്കുന്നത് നല്ലതല്ലെങ്കിലും അവർ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന മട്ടിൽ ആശ്വാസ വാക്കുകൾ മാത്രം പറയുന്നത് ക്രിമിനൽ പ്രവൃത്തിയാണെന്ന് നടി ഓർമപ്പെടുത്തുന്നു.
ഹൃത്വിക് റോഷൻ, കങ്കണ റണൗത് കുടിപ്പക ബോളിവുഡിലെ എക്കാലത്തേയും ചൂടുപിടിച്ച ചർച്ചാ വിഷയമാണ്. സൂസന്ന ഖാനുമൊത്ത് ദാമ്പത്യബന്ധം ഉണ്ടായിരുന്ന സമയത്തും തങ്ങൾ ഇരുവരും ഡേറ്റിങ്ങിൽ ആയിരുന്നു എന്ന കങ്കണയുടെ വെളിപ്പെടുത്തലാണ് താരങ്ങൾക്കിടയിൽ ശത്രുത വളരാൻ ഇടയാക്കിയത്. കങ്കണയുമായുള്ള ബന്ധം നടൻ ഒരിക്കലും അംഗീകരിച്ചിട്ടില്ല. പരസ്പരം മാനനഷ്ടക്കേസ് കൊടുക്കുന്നിടത്തോളം ഇരുവർക്കും ഇടയിലെ ശത്രുത വളർന്നിരുന്നു.