സമുദായ ഐക്യം തകർക്കാൻ ആരെയും അനുവദിക്കില്ല - കുവൈറ്റ് കെ എം സി സി പ്രതിഷേധ സംഗമം
കുവൈറ്റ്: വഖഫ് നിയമനം പി എസ് സി ക്ക് വിട്ട ഇടതുപക്ഷ സർക്കാരിന്റെ തീരുമാനത്തിനെതിരെ നാട്ടിൽ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ നടക്കുന്ന വഖഫ് സംരക്ഷണ സമര പരിപാടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കുവൈത്ത് കെ എം സി സി യുടെ നേതൃത്വത്തിൽ അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കുവൈറ്റ് കെ എം സി സി സംസ്ഥാന പ്രസിഡണ്ട് ഷറഫുദ്ദീൻ കണ്ണേത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന സംഗമം കെ എം സി സി ഉപദേശക സമിതി ചെയർമാൻ സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു.
കെ എം സി സി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഫലത്തിൽ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ നാട്ടിൽ നടക്കുന്നതുപോലെ കുവൈറ്റിലെ സമുദായ ഐക്യവേദിയായി മാറി. സമുദായ ഐക്യം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും പങ്കെടുത്ത സംഘടനാ നേതാക്കൾ പറഞ്ഞു.
മുസ്ലിംങ്ങളുടെ അവകാശ സംരക്ഷണത്തിനായി കേരളത്തിൻ്റെ മണ്ണിൽ എല്ലാ കാലഘട്ടത്തിലും ശബ്ദിച്ച പ്രസ്ഥാനമാണ് മുസ്ലിം ലീഗ്. സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളും, കെ എം മൗലവിയും നെടുനായകത്വം വഹിച്ച് കൊണ്ട് സീതീ സാഹിബിൻ്റെ കൈകളിലൂടെ വളർന്ന് വന്ന മുസ്ലിം മുന്നേറ്റ പ്രസ്ഥാനത്തെ തകർത്തെറിയാൻ അനന്തപുരിയിൽ നിന്ന് അച്ചാരം വാങ്ങി മുസ്ലീം സംഘടനകൾക്കിടയിൽ വിഭാഗീയതയുടെ വിഷം കുത്തിവെച്ച് ലീഗിനെ തകർത്തുകളയാമെന്നത് വെറും വ്യാമോഹം മാത്രമാണെന്നും നേതാക്കൾ പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയവും പ്രമുഖ മാധ്യമ പ്രവർത്തകനും യുവപ്രഭാഷകനുമായ ഷരീഫ് സാഗറും വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അമീൻ മൗലവി (കെ ഐ സി), അഷ്റഫ് ഏകരൂൽ (കെ കെ ഐ സി) സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ (ഐ ഐ സി), ഡോക്ടർ അബ്ദുൾ ഹമീദ് (കെ ഐ ഐ സി), ഫൈസൽ മഞ്ചേരി (കെ ഐ ജി) എന്നിവർ സംസാരിച്ചു. കുവൈറ്റ് കെ എം സി സി ഉപദേശക സമിതി വൈസ് ചെയർമാൻ കെ ടി പി അബ്ദുറഹിമാൻ, ഉപദേശക സമിതിയംഗം പി വി ഇബ്രാഹിം, സംസ്ഥാന സെക്രട്ടറിമാരായ സിറാജ് എരഞ്ഞിക്കൽ, എഞ്ചിനീയർ മുഷ്താഖ്, ടി ടി ഷംസു, വിവിധ ജില്ലാ-മണ്ഡലം നേതാക്കൾ, വിംഗ് കൺവീനർമാർ തുടങ്ങിയവർ സംബന്ധിച്ചു. കുവൈറ്റ് കെ എം സി സി സംസ്ഥാന ജനറൽ സെക്രട്ടറി എം കെ അബ്ദുറസാഖ് പേരാമ്പ്ര സ്വാഗതവും ട്രഷറർ എം ആർ നാസർ നന്ദിയും പറഞ്ഞു.