ലോക സമാധാന സമ്മേളനം; കേരളത്തിന്‍റെ നിര്‍ദ്ദേശം പരിഗണിക്കുമെന്ന് നോബല്‍ പീസ് സെന്റർ
തിരുവനന്തപുരം: ലോക സമാധാന സമ്മേളനം വിളിക്കാനുള്ള കേരള സർക്കാരിന്റെ അഭ്യർത്ഥന ഗൗരവമായി പരിഗണിക്കുമെന്ന് നോബേൽ പീസ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ജെർസ്റ്റി ഫ്ലോഗ്സ്റ്റാഡ് പറഞ്ഞു. നോർവേ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ ഉറപ്പ് നൽകിയത്. സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകുന്ന സ്ഥാപനമാണ് നോർവേയിലെ നോബേൽ പീസ് സെന്റർ. കേരള സർക്കാരിന്റെ കഴിഞ്ഞ ബജറ്റിൽ ലോകസമാധാന സമ്മേളനം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നൊബേൽ സെന്‍ററുമായി സഹകരിച്ച് ഇത്തരമൊരു കൂട്ടായ്മ സംഘടിപ്പിക്കാൻ മുഖ്യമന്ത്രി യോഗത്തിൽ താത്പര്യം പ്രകടിപ്പിച്ചു. "ഒരു സർക്കാർ അത്തരമൊരു സമ്മേളനം വിളിച്ചുകൂട്ടുന്നത് വളരെ സന്തോഷകരമായ കാര്യമാണ്," ഫ്ലോഗ്സ്റ്റാഡ് കൂട്ടിച്ചേർത്തു. സമാധാനത്തിനുള്ള നൊബേൽ സമ്മാനം വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെ എക്സിക്യൂട്ടീവ് ഡയറക്ടർ തന്‍റെ തിരക്കുകൾ മാറ്റിവച്ചാണ് കൂടിക്കാഴ്ചക്ക് തയ്യാറായത്. വിഷയത്തിൽ കേരളത്തിൽ നിന്ന് ഔദ്യോഗിക നിർദേശം ലഭിച്ചാൽ ചർച്ച നടത്തുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. പീസ് സെന്ററിന്റെ നേരിട്ടുള്ള നേതൃത്വത്തിലല്ലാതെ മറ്റ് സ്ഥാപനങ്ങളുമായി സഹകരിച്ച് ഇത്തരം പരിപാടികൾ സംഘടിപ്പിക്കാറില്ല. ഒരു സംസ്ഥാന ഭരണകൂടം നിർദ്ദേശവുമായി മുന്നോട്ട് വരുമ്പോൾ സഹകരിക്കുന്നത് ചർച്ച ചെയ്യുമെന്ന് അവർ പറഞ്ഞു.