സമാധാനത്തിനുള്ള നൊബേൽ; മോദിയെ പരിഗണിക്കുന്നതായി നൊബേൽ സമ്മാന കമ്മിറ്റി ഉപാധ്യക്ഷൻ
ന്യൂഡൽഹി: സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഗണിക്കുന്നതായി റിപ്പോർട്ട്. നൊബേൽ സമ്മാന കമ്മിറ്റി ഉപാധ്യക്ഷൻ അസ്ലെ തോജെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ. മോദിയുടെ ഭരണ നയങ്ങൾ രാജ്യത്തെ സമ്പന്നവും ശക്തവുമാക്കുന്നുവെന്ന് പറഞ്ഞ അസ്ലെ തോജെ ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ല എന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനോട് പറഞ്ഞതിനും പ്രധാനമന്ത്രിയെ പ്രശംസിച്ചു. 2018ൽ വിഖ്യാതമായ സോൾ സമാധാന പുരസ്കാരം നരേന്ദ്ര മോദിക്ക് ലഭിച്ചിരുന്നു. രാജ്യാന്തര തലത്തിലെ സഹകരണത്തിനും ആഗോള സാമ്പത്തിക വളർച്ചയ്ക്കും നൽകിയ സംഭാവനകൾ പരിഗണിച്ചായിരുന്നു പുരസ്കാരം. സോൾ പുരസ്കാരം നേടിയ പലരും പിന്നീട് നൊബേൽ സമാധാന പുരസ്കാരവും നേടിയിട്ടുണ്ട്.