5ജി മുന്നേറ്റത്തിൽ റിലയൻസിനൊപ്പം കൈകോർത്ത് നോക്കിയയും
മുംബൈ: 5ജി കുതിപ്പിൽ നോക്കിയ ജിയോയ്ക്കൊപ്പമുണ്ടാകും. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ജിയോ അടുത്തിടെ നോക്കിയയെ പ്രധാന വിതരണക്കാരനായി തിരഞ്ഞെടുത്തിരുന്നു. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ചൈനയുടെ ഹുവാവേയുടെ ഉപയോഗത്തെ നിരുത്സാഹപ്പെടുത്തുന്ന സാഹചര്യത്തിലാണ് റിലയൻസ്-നോക്കിയ കരാർ എന്നതും പ്രധാനമാണ്. 420 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള റിലയൻസ് ജിയോയ്ക്ക് നോക്കിയ 5 ജി റേഡിയോ ആക്‌സസ് നെറ്റ്‌വർക്ക് ഉപകരണങ്ങൾ ഒന്നിൽ കൂടുതൽ വർഷത്തെ കരാറിൽ വിതരണം ചെയ്യും. ബേസ് സ്റ്റേഷനുകൾ, ഉയർന്ന ശേഷിയുള്ള 5 ജി മാസ്സ് മിമോ ആന്‍റിനകൾ, വിവിധ സ്പെക്ട്രം ബാൻഡുകളെ പിന്തുണയ്ക്കുന്നതിനുള്ള റിമോട്ട് റേഡിയോ ഹെഡ്സ്, സെൽഫ്-ഓർഗനൈസിംഗ് നെറ്റ്‌വർക്ക് സോഫ്റ്റ്‌വെയർ എന്നിവയുൾപ്പെടെ എയർസ്കെയിൽ പോർട്ട്ഫോളിയോയിൽ നിന്നാണ് നോക്കിയ ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്. സെൽഫ് ഡ്രൈവിംഗ് കാറുകൾ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് എന്നിവ പോലുള്ള ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾക്ക് ശൃംഖല നിർണായകമാണ്. അതിനാൽ ഇന്ത്യയിലെ 5 ജി ഡാറ്റ വേഗത 4 ജിയേക്കാൾ 10 മടങ്ങ് വേഗത്തിൽ പ്രതീക്ഷിക്കുന്നു. എല്ലാ ഉപഭോക്താക്കളുടെയും അനുഭവം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും പുതിയ നെറ്റ്‌വർക്ക് സാങ്കേതികവിദ്യകളിൽ തുടർച്ചയായി നിക്ഷേപം നടത്താൻ ജിയോ പ്രതിജ്ഞാബദ്ധമാണെന്ന് റിലയൻസ് ജിയോ ചെയർമാൻ ആകാശ് അംബാനി പറഞ്ഞിരുന്നു.