നൂറുദിന കർമപദ്ധതിയിൽ 115 പദ്ധതികൾ സെപ്റ്റംബർ 19 നകം പൂർത്തിയാക്കും.

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ് 100 ദിനം പൂർത്തിയാകുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നൂറുദിന പദ്ധതികളുടെ പുരോഗതി വിലയിരുത്തി. ഘടകപദ്ധതികൾ അടക്കം നൂറുദിന കർമപദ്ധതിയിൽ പ്രഖ്യാപിച്ച 193 പദ്ധതികളിൽ 35 എണ്ണം പൂർത്തീകരിക്കാൻ കഴിഞ്ഞതായി യോഗം വിലയിരുത്തി.

115 പദ്ധതികൾ സെപ്റ്റംബർ 19-നകം പൂർത്തീകരിക്കാനാകുമെന്നും മന്ത്രിമാർ അറിയിച്ചു. അതതുവകുപ്പുകൾ ഇതിനുള്ള നിർദേശം നൽകിയിട്ടുണ്ട്.

റീബിൽഡ് കേരള ഇനിഷ്യേറ്റീവ്, കിഫ്ബി എന്നിവ വഴി പൊതുമരാമത്ത് വകുപ്പിൽ 2464.92 കോടി രൂപയുടെ നിർമാണ പ്രവർത്തനമാണ് ലക്ഷ്യമിട്ടിരുന്നത്. 20 ലക്ഷം അഭ്യസ്തവിദ്യർക്കു തൊഴിലവസരം നൽകാൻ കെ-ഡിസ്‌കിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിപ്രകാരം തൊഴിലവസരമൊരുക്കാൻ തദ്ദേശസ്ഥാപനങ്ങളോടു നിർദേശിച്ചതായി മന്ത്രി യോഗത്തെ അറിയിച്ചു. ഓരോ തദ്ദേശസ്ഥാപനപരിധിയിലെയും 1000 പേരിൽ അഞ്ചുപേർക്കുവീതം തൊഴിലവസരം ഒരുക്കാനാണു നിർദേശം.

നൂറുദിനപദ്ധതിയിൽ 12,000 പട്ടയങ്ങൾ വിതരണംചെയ്യുമെന്ന പ്രഖ്യാപനം പൂർത്തിയാക്കാനായതായി റവന്യൂമന്ത്രി അറിയിച്ചു. പട്ടയവിതരണം 13,000 കടന്നു. അതീവദാരിദ്ര്യനിർമാർജനം, വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കൽ തുടങ്ങിയവയായിരുന്നു മറ്റു പ്രധാന പ്രഖ്യാപനങ്ങൾ. അവലോകന യോഗത്തിൽ മന്ത്രിമാരും വകുപ്പു സെക്രട്ടറിമാരും അടക്കമുള്ളവർ പങ്കെടുത്തു.

Related Posts