നോറോ വൈറസ്: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി
തൃശൂരിലെ ഒരു വിദ്യാഭ്യാസ സ്ഥാപന ഹോസ്റ്റലിൽ നോറോ വൈറസ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ പുറപ്പെടുവിച്ച മാർഗനിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ജില്ലാ കലക്ടർ ഹരിത വി കുമാർ ഉത്തരവിറക്കി. തൃശൂരിലെ കോളേജുകൾ, ഹോസ്റ്റലുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, വഴിയോര ഭക്ഷണക്കച്ചവടക്കാർ, കാന്റീനുകൾ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം.
കോളേജുകളിലും ഹോസ്റ്റലുകളിലും കിണറുകൾ ആരോഗ്യവകുപ്പിന്റെ മാർഗനിർദ്ദേശ പ്രകാരം ക്ലോറിനേറ്റ് ചെയ്ത ശുദ്ധീകരിക്കണം. കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുകയും പാത്രങ്ങൾ, ഭക്ഷണം എന്നിവ പരസ്പരം പങ്കുവയ്ക്കാതിരിക്കുകയും ചെയ്യുക. ബുഫേ സംവിധാനം പാടില്ല. ഭക്ഷണത്തിന് മുൻപും മലമൂത്ര വിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കി ശുചിത്വം പാലിക്കണം. പഴങ്ങൾ, പച്ചക്കറികൾ എന്നിവ വൃത്തിയായി കഴുകി പാകം ചെയ്ത ശേഷം മാത്രമേ ഉപയോഗിക്കാവൂ. ശുചിമുറികളിൽ ഹാൻഡ് വാഷ് നിർബന്ധമായും വെക്കണം. ഹോസ്റ്റലുകൾ, കോളേജുകൾ, റസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെ വാട്ടർ ടാങ്കുകൾ പൂർണമായും ശുചീകരിച്ച ശേഷം വെള്ളം ശേഖരിക്കണം.
കോളേജുകളിലെയും ഹോസ്റ്റലുകളിലെയും മെസ്, കാന്റീൻ എന്നിവിടങ്ങളിലെ സ്റ്റാഫിന് ഹെൽത്ത് കാർഡ് നിർബന്ധമാക്കണം. രോഗലക്ഷണങ്ങളുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതുന്നതിന് പ്രത്യേകം മുറി ഏർപ്പെടുത്തണം. ഹോസ്റ്റലുകളിലും രോഗലക്ഷണങ്ങൾ ഉള്ളവരെ ഐസൊലേറ്റ് ചെയ്ത് പ്രത്യേക മുറി, ടോയ്ലറ്റ് എന്നിവ ഒരുക്കുകയും പ്രതലം വൃത്തിയാക്കുന്നതിന് ബ്ലീച്ചിങ് ലായിനി ഉപയോഗിക്കേണ്ടതുമാണ്. മേൽ ഉത്തരവുകൾ കൃത്യമായി പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു.