നോറോവൈറസ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്
കൊച്ചി: എറണാകുളം ജില്ലയിൽ നോറോ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ ബോധവൽകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. കാക്കനാട് സ്കൂളിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. 62 വിദ്യാർത്ഥികൾക്കും ചില രക്ഷിതാക്കൾക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് സാമ്പിളുകൾ സ്റ്റേറ്റ് പബ്ലിക് ലാബിലേക്ക് അയക്കുകയും പോസിറ്റീവ് ആവുകയുമായിരുന്നു. രോഗം സ്ഥിരീകരിച്ച മൂന്ന് കുട്ടികൾ ചികിത്സയിലാണ്. ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. രോഗവ്യാപനം തടയാനായി ക്ലാസുകൾ താൽക്കാലികമായി അടച്ചു. അതേസമയം ബോധവൽക്കരണ ക്ലാസുകൾ ഓൺലൈനായി നൽകുന്നുണ്ട്. ശുചിമുറികളും ക്ലാസുകളും അണുവിമുക്തമാക്കിയിട്ടുണ്ടെന്നും കുടിവെള്ള സ്രോതസ്സുകളിൽ നിന്നുള്ള സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. സൂപ്പർ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. രോഗലക്ഷണങ്ങളുള്ളവരോട് നിരീക്ഷണത്തിൽ തുടരണമെന്നാണ് നിർദേശം. കുടിവെള്ള സ്രോതസ്സുകൾ വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കണമെന്നും ശരിയായ പ്രതിരോധവും ചികിത്സയും ഉപയോഗിച്ച് രോഗം വേഗത്തിൽ ഭേദമാക്കാൻ കഴിയുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.