"നോറോ വൈറസ്" രോഗബാധ ജില്ലാ ആരോഗ്യവകുപ്പ് ടീം പരിശോധന നടത്തി
തൃശൂർ ജില്ലയിലെ സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിൽ "നോറോ" വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ് ടീം ഹോസ്റ്റലിലും പരിസരത്തും പരിശോധന നടത്തി. സ്ഥാപനത്തിന്റെ ശുചിത്വ സംവിധാനങ്ങൾ, കുടിവെള്ള സംവിധാനം, പാചകപ്പുര എന്നിവ വിശദമായി പരിശോധിച്ചു. നിലവിൽ സ്ഥാപനത്തിൽ 240 വിദ്യാർത്ഥിനികളും 15 ജീവനക്കാരുമാണ് ഉള്ളത്. ഇതിൽ 54 കുട്ടികൾക്കും 3 ജീവനക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം എട്ടാം തീയതി മുതൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയിരുന്നു എങ്കിലും ഇവർ വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. അതിനാൽ ആരോഗ്യവകുപ്പിന് വിവരം ലഭ്യമായിരുന്നില്ല.
24-11-2021 ന് എട്ടോളം വിദ്യാർത്ഥിനികൾ രോഗബാധിതരായി തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതിനെ തുടർന്നാണ് രോഗവിവരം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് രോഗബാധിതരായ വ്യക്തികളുടെ രക്തം, മലം, മൂത്രം എന്നിവ പരിശോധനയ്ക്കായി ശേഖരിക്കുകയും ബാക്ടീരിയ പരിശോധനയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്കും, വൈറസ് പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്കും അയച്ചു. ഇതിൽ ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് 'നോറോ' വൈറസ് ബാധ സ്ഥിരീകരിച്ചത്.
സ്ഥാപനത്തിൽ പരിശോധന നടത്തിയ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം ജീവനക്കാർക്കും വിദ്യാർത്ഥിനികൾക്കും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയും ഹോസ്റ്റലിൽ പാലിക്കേണ്ട രോഗപ്രതിരോധ മാർഗങ്ങളെക്കുറിച്ച് അധികൃതർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. രോഗബാധ പൂർണമായും നിയന്ത്രണത്തിൽ ആകുന്നതുവരെ ഹോസ്റ്റലിൽ നിന്ന് ഇനി ആരെയും വീടുകളിലേക്ക് വിടരുതെന്ന നിർദ്ദേശവും നൽകി. മറ്റു ജില്ലകളിലുള്ള കുട്ടികൾ വീടുകളിലേക്ക് പോയവർ ഉണ്ടെങ്കിൽ അവരുടെ വിവരങ്ങൾ എല്ലാ ജില്ലാ മെഡിക്കൽ ഓഫീസുകളിലേക്ക് അറിയിക്കുന്നതിനും അതിലൂടെ രോഗം മറ്റുള്ളവരിലേക്ക് പടരുന്നത് തടയുന്നതിനും തീരുമാനിച്ചു. കൂടാതെ ജില്ലയിലെ മുഴുവൻ സ്റ്റുഡൻസ് ഹോസ്റ്റലുകൾ, ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകൾ, വൃദ്ധ സദനങ്ങൾ എന്നിവ കർശനമായി നിരീക്ഷിക്കുന്നതിനും ജില്ലയിലെ മുഴുവൻ മെഡിക്കൽ ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
പരിശോധനയ്ക്ക് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. കെ. കുട്ടപ്പൻ, ജില്ലാ സർവ്വെയ്ലൻസ് ഓഫീസർ ഡോ. ബീന മൊയ്തീൻ, ടെക്നിക്കൽ അസിസ്റ്റൻറ് ഗ്രേഡ് 1 പി.കെ. രാജു, ഹെൽത്ത് ഇൻസ്പെക്ടർമാരായ പി ബി. പ്രദീഷ്, വർഗീസ്, മുഹമ്മദ് സാലി എന്നിവർ നേതൃത്വം നൽകി.
നോറോ വൈറസ് രോഗം - ലക്ഷണങ്ങൾ
വയറിളക്കം വയറുവേദന ഛർദ്ദി എന്നിവ പൊതുവേ കാണപ്പെടുന്നു കൂടാതെ പനി തലവേദന എന്നിവയും കാണപ്പെടും. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ മാറുമെങ്കിലും വീണ്ടും രോഗം പകർത്തുന്നതിന് കഴിയും.
രോഗപകർച്ച
രോഗബാധയുണ്ടായാൽ 12 മണിക്കൂർ മുതൽ 48 മണിക്കൂറിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും കുടിവെള്ളം, ഭക്ഷണം, പാത്രങ്ങൾ എന്നിവയിലൂടെയാണ് സാധാരണ രോഗം പകരാൻ സാധ്യത എങ്കിലും അടുത്തിടപഴകുന്നതിലൂടെയും രോഗം പകരാൻ സാധ്യതയുണ്ട്. വളരെ പെട്ടെന്ന് പടർന്നു പിടിക്കുന്ന ഒരു ജലജന്യരോഗമാണിത്.
അപകടസാധ്യത
സാധാരണ ഈ രോഗം അപകടകാരിയല്ല എങ്കിലും പ്രായമായ ആളുകൾ ഗർഭിണികൾ രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്
ചികിത്സ
പാനീയ ചികിത്സ, രോഗലക്ഷണങ്ങൾക്ക് അനുസരിച്ചുള്ള ചികിത്സ എന്നിവയാണ് സാധാരണ നൽകിവരുന്നത്.
രോഗ സ്ഥിരീകരണം
ആർ ടി പി സി ആർ ടെസ്റ്റ് നടത്തിയാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗിയിൽ നിന്ന് ശേഖരിക്കുന്ന മലത്തിൻ്റെ സാമ്പിളിൽ നിന്നും രോഗം സ്ഥിരീകരിക്കുന്നു.
രോഗപ്രതിരോധം
തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. ഭക്ഷണം, പാത്രങ്ങൾ എന്നിവ പങ്കുവയ്ക്കാതിരിക്കുക മലമൂത്ര വിസർജനത്തിനു ശേഷം കൈകൾ വൃത്തിയായി സോപ്പിട്ട് കഴുകുക, വ്യക്തിശുചിത്വം പാലിക്കുക പച്ചക്കറികൾ പഴങ്ങൾ എന്നിവ കഴുകി വൃത്തിയാക്കി ഉപയോഗിക്കുക. എന്നിവയിലൂടെ രോഗം നിയന്ത്രിക്കാവുന്നതാണ്.