ചിരിക്കുന്നതിനും മദ്യപിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി ഉത്തര കൊറിയ

ചിരിക്കുന്നതിനും മദ്യപിക്കുന്നതിനും ഷോപ്പിങ്ങിനും 11 ദിവസത്തെ വിലക്ക് ഏർപ്പെടുത്തി ഉത്തര കൊറിയ. 1994 മുതൽ 2011 വരെ രാജ്യം ഭരിച്ച മുൻ നേതാവ് കിം ജോങ് ഇലിന്റെ പത്താം ചരമവാർഷികത്തോടനുബന്ധിച്ച് ഇന്നുമുതൽ രാജ്യം ദുഃഖാചരണത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് വിലക്ക് വന്നിരിക്കുന്നത്. 2011 ഡിസംബർ 17-ന് ഹൃദയാഘാതം വന്നാണ് അദ്ദേഹം മരിക്കുന്നത്. കിം ജോങ് ഇലിൻ്റെ മരണശേഷമാണ് അദ്ദേഹത്തിൻ്റെ മകനും നിലവിലെ നേതാവുമായ കിം ജോങ് ഉൻ അധികാരത്തിലേറിയത്.

രാജ്യത്തിന്റെ അതിർത്തി നഗരമായ സിനുയിജുവിലെ താമസക്കാരെ ഉദ്ധരിച്ച് റേഡിയോ ഫ്രീ ഏഷ്യ നിരോധനം സ്ഥിരീകരിച്ചു. ഈ കാലയളവിൽ എല്ലാ വിനോദ പരിപാടികളും നിരോധിച്ചിട്ടുണ്ട്. പുറത്തുപോയി പലചരക്ക് സാധനങ്ങൾ വാങ്ങാൻ പോലും കഴിയില്ല. എല്ലാ വർഷത്തെയും പോലെ വിലക്ക് ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നും നഗരവാസികൾ പറഞ്ഞു.

മുൻകാലങ്ങളിൽ, വിലാപ വേളയിൽ മദ്യപിക്കുകയോ ഉല്ലസിക്കുകയോ ചെയ്ത നിരവധി ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രത്യയശാസ്ത്ര കുറ്റവാളികളായാണ് അത്തരക്കാരെ കണക്കാക്കുന്നതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരാൾ പറഞ്ഞു. നിയമ ലംഘകരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. പിന്നീട് കണ്ടിട്ടില്ല.

സാധാരണയായി എല്ലാ വർഷവും 10 ദിവസത്തെ ദുഃഖാചരണമാണ് നടക്കാറുള്ളത്. പത്താം ചരമവാർഷികമായതിനാൽ ഇത്തവണ 11 ദിവസത്തെ ദുഃഖാചരണമാണ് നടക്കുന്നത്. ദു:ഖാചരണ നാളുകളിൽ കുടുംബാംഗങ്ങൾ മരിച്ചാലും ഉറക്കെ കരയാൻ ജനങ്ങൾക്ക് അനുവാദമില്ല. ദു:ഖാചരണം കഴിഞ്ഞേ മൃതദേഹങ്ങൾ പുറത്തെടുക്കാവൂ. സ്വന്തം ജന്മദിനം ആഘോഷിക്കാൻ പോലും ആളുകൾക്ക് അനുവാദമില്ല.

Related Posts