ഭക്ഷ്യക്ഷാമ റിപ്പോർട്ടുകൾ തളളി ഉത്തരകൊറിയ
രാജ്യം ഭക്ഷ്യക്ഷാമം നേരിടുകയാണെന്ന റിപ്പോർട്ടുകൾ തള്ളി ഉത്തര കൊറിയ. ഉപരോധങ്ങൾ മൂലമുള്ള പ്രയാസങ്ങൾക്കിടയിൽ കൊവിഡിനെ ഭയന്ന് അതിർത്തികൾ അടച്ചത് രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചെന്ന ഐക്യരാഷ്ട്ര നിരീക്ഷകൻ്റെ റിപ്പോർട്ടാണ് ഉത്തരകൊറിയ തള്ളിയത്. ക്ഷുദ്രമായ അപവാദ പ്രചാരണമാണ് ഇക്കാര്യത്തിൽ നടക്കുന്നതെന്ന് അധികൃതരെ ഉദ്ധരിച്ച് കൊറിയൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ''രാജ്യത്തെ ജനങ്ങളുടെ സുരക്ഷിതത്വവും അതിജീവനവും കൊറിയൻ സർക്കാരിൻ്റെ ഉത്തരവാദിത്തമാണ്. ഞങ്ങളുടെ ജനങ്ങളുടെ ജീവിതാവസ്ഥകളെപ്പറ്റി ദു:ഖിക്കാൻ ഞങ്ങൾ ആരോടും ആവശ്യപ്പെട്ടിട്ടില്ല," സർക്കാരിൻ്റെ പത്രക്കുറിപ്പിൽ പറയുന്നു.
കൊവിഡ് വൈറസിനെ രാജ്യത്തിനകത്ത് കടത്താതിരിക്കാൻ കൈക്കൊണ്ട അസാധാരണ നടപടികൾ മൂലം രാജ്യം അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് പൂർണമായും ഒറ്റപ്പെട്ടതായി വടക്കൻ കൊറിയയിലെ മനുഷ്യാവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്ര നിരീക്ഷകൻ തോമസ് ഒജിയ ക്വിൻടാന ഹ്യൂമൺ റൈറ്റ്സ് സമിതിക്കു മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു. രാഷ്ട്രീയ തടവുകാരെ പാർപ്പിച്ചിട്ടുള്ള ക്യാമ്പുകളിൽ പട്ടിണിയാണെന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു. അപവാദ പ്രചാരണമാണ് നടക്കുന്നതെന്നും രാജ്യത്തിൻ്റെ പ്രതിച്ഛായ കെടുത്താനുള്ള ഉദ്ദേശ്യമാണ് ഇതിനു പിന്നിലുള്ളതെന്നുമാണ് സർക്കാർ നിലപാട്.