ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമതും മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ; സാക്ഷിയായി പ്രസിഡണ്ട് കിം ജോങ് ഉൻ

ഐക്യരാഷ്ട്ര സഭയുടെ വിലക്കുകളും അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ ഉപരോധവും വകവെയ്ക്കാതെ തുടർച്ചയായി മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണത്തെ പരീക്ഷണത്തിന് സാക്ഷ്യം വഹിക്കാൻ പ്രസിഡണ്ട് കിം ജോങ് ഉൻ നേരിട്ടെത്തി. രണ്ടു വർഷത്തിനു ശേഷമാണ് പ്രസിഡണ്ട് പ്രതിരോധ വകുപ്പിൻ്റെ ഇത്തരം ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്.

ഹൈപ്പർ സോണിക് മിസൈൽ പരീക്ഷണത്തിൽ പ്രസിഡണ്ട് കിം ജോങ് ഉൻ നേരിട്ട് പങ്കെടുത്തതായി പാർടി പത്രമായ റോഡോങ് സിൻമുൻ റിപ്പോർട്ട് ചെയ്തു. പത്രത്തിൻ്റെ ആദ്യ പേജിൽ തന്നെ വലിയ പ്രാധാന്യത്തോടെയാണ് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പ്രസിഡണ്ട് പങ്കെടുത്തതിന്റെ ഫോട്ടോകൾ അടക്കം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ തവണയാണ് ഉത്തര കൊറിയ മിസൈൽ പരീക്ഷണം നടത്തുന്നത്. ദക്ഷിണ കൊറിയയുമായും അമേരിക്കയുമായും ചർച്ചകൾ സ്തംഭിച്ച ഘട്ടത്തിലാണ് തുടർച്ചയായ മിസൈൽ പരീക്ഷണം അരങ്ങേറുന്നത് എന്നത് ശ്രദ്ധേയമാണ്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സൈന്യത്തെ ശക്തിപ്പെടുത്തുമെന്ന പ്രസിഡണ്ടിൻ്റെ പുതുവർഷ പ്രതിജ്ഞയ്ക്ക് അടിവരയിടുന്നതാണ് ഒരാഴ്ചയ്ക്കുള്ളിൽ നടന്ന ഹൈപ്പർസോണിക് മിസൈലിന്റെ രണ്ടാം പരീക്ഷണം

Related Posts