വീണ്ടും ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ
സോൾ: കിം ജോങ് ഉന്നിന്‍റെ ഉത്തര കൊറിയ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു. യുഎസിന്റെ താക്കീതിനെ അവഗണിച്ചാണിത്. കിഴക്കൻ തീരത്തെ വോൻസാൻ മേഖലയിൽ നിന്ന് പ്രാദേശിക സമയം രാവിലെ 10.48നാണ് മിസൈൽ വിക്ഷേപിച്ചത്. കൊറിയൻ ഉപദ്വീപിനും ജപ്പാനും ഇടയിലുള്ള സമുദ്രത്തിലാണ് ഇത് പതിച്ചത്. ആണവ മിസൈൽ വിക്ഷേപണത്തിന് സമാനമായ പരീക്ഷണം നടത്തിയെന്നാണ് ഉത്തരകൊറിയയുടെ അവകാശവാദം. എട്ട് ദിവസത്തിനിടെ ഉത്തരകൊറിയ നടത്തുന്ന രണ്ടാമത്തെ മിസൈൽ പരീക്ഷണമാണിത്. വിക്ഷേപണത്തെ അമേരിക്ക, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ അപലപിച്ചു. അടുത്തിടെ കംബോഡിയയിൽ നടന്ന ത്രിരാഷ്ട്ര ഉച്ചകോടിയിൽ, യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ദക്ഷിണ കൊറിയയ്ക്കും ജപ്പാനും ആണവ പിന്തുണ ഉൾപ്പെടെ എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു. ഇത്തരം നടപടികളിൽ അമേരിക്ക ദുഃഖിക്കേണ്ടി വരുമെന്ന് ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെയാണ് മിസൈൽ പരീക്ഷണം നടന്നത്. അഞ്ച് വർഷത്തിന് ശേഷം ആണവായുധ പരീക്ഷണത്തിന് ഉത്തര കൊറിയ തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മിസൈൽ വിക്ഷേപണം. ദക്ഷിണ കൊറിയയിലെയും കടലിലെയും യുഎസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിടാന്‍ കഴിയുന്ന ആണവ പോര്‍മുനകൾ വികസിപ്പിക്കാൻ ഉത്തര കൊറിയ ലക്ഷ്യമിടുന്നതായി ആശങ്കയുണ്ട്.